വെള്ളൂര്‍ റെയില്‍വേ നടപ്പാത ഉപയോഗപ്രദമാകുവാന്‍ വഴി തെളിയുന്നു
വൈക്കം: വെള്ളൂര്‍ റെയില്‍വേ നടപ്പാത വീണ്ടും ഉപയോഗപ്രദമാകുവാന്‍ വഴിതെളിയുന്നു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചതോടെയാണ് നടപ്പാതയ്ക്ക് ശാപമോക്ഷമാകുന്നത്.
2018 ജൂലൈലാണ് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ റെയില്‍വേ അധികാരികള്‍ നടപ്പാത അടച്ചിട്ടത്. എന്നാല്‍ ഇവിടെ ഒരു പണിയും റെയില്‍വേ നടത്തിയില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമയിരുന്നു. ഇതെല്ലാം കാണിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാരില്‍ ചിലര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതോടൊപ്പം നിസംഗത പാലിച്ച ജനപ്രതിനിധികളുടെ നടപടിയും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളൂരില്‍ റെയില്‍വേ നടപ്പാലമെന്ന ആവശ്യം സി.കെ ആശ എം.എല്‍.എ ബജറ്റ് നിര്‍ദേശമെന്ന നിലയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.ഈ നിര്‍ദേശമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കാലങ്ങളായി ജനങ്ങളെ വെല്ലുവിളിക്കുന്ന റെയില്‍വേയുടെ തലതിരിഞ്ഞ പണികള്‍ ഇപ്പോഴും തുടരുകയാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തി റെയില്‍വേ അഴിഞ്ഞാടുമ്പോള്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ജനകീയ സംവിധാനങ്ങള്‍ കാഴ്ചക്കാരാവുകയായിരുന്നു. കെ.കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വെള്ളൂരില്‍ റെയില്‍വേ ഫുട്പാത്ത് യാഥാര്‍ത്ഥ്യമാകുന്നത്.
ഫുട്പാത്ത് അടച്ചതോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ പാലത്തിനു മുകളിലൂടെ മൂവാറ്റുപുഴയാറിനു കുറുകെയുള്ള റെയില്‍വേ ഓവര്‍ബ്രിഡ്ജിലൂടെ വളരെ സാഹസികമായാണ് യാത്ര ചെയ്യുന്നത്. കാറ്റും മഴയും വന്നാല്‍ കാര്യങ്ങള്‍ പിടിവിടും. വടകര, വരിക്കാംകുന്ന്, സ്രാംകുഴി, തോന്നല്ലൂര്‍, കൈപ്പട്ടൂര്‍, പുലിമുഖം ഭാഗങ്ങളിലുള്ളവര്‍ നിലവില്‍ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിച്ചുവേണം വെള്ളൂരിലെത്താന്‍. റെയില്‍വേയുടെ പേരില്‍ ഏക്കര്‍കണക്കിനു ഭൂമിയാണ് കാടുപിടിച്ചു കിടക്കുന്നത്. ഇവിടെ സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയുമെല്ലാം ശല്യമുണ്ട്. ന്യൂസ്പ്രിന്റ് ഫാക്ടറിയെയും പഞ്ചായത്തിനെയുമെല്ലാം കോര്‍ത്തിണക്കി ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ വെള്ളൂരിനു വികസനരംഗത്ത് ഏറെ മുന്നേറാന്‍ കഴിയും. ഇതിനായി ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."