തലയോലപറമ്പില്‍ നാലിടത്ത് മോഷണം
വൈക്കം: തലയോലപ്പറമ്പ് മേഖലയില്‍ നാലിടത്തു മോഷണം. ഇന്നലെ പുലര്‍ച്ചെ ഒന്നിനും 4.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം, വരിക്കാംകുന്ന് പ്രസാദഗിരി പള്ളി, വടകര പോസ്റ്റ് ഓഫിസ്, വടകര ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
വടകര പള്ളിയിലെ ഡോറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മൂന്നു കാണിക്ക വഞ്ചികളുടെ പൂട്ട് തകര്‍ത്തു പണവും, കപ്യാരുടെ സൈക്കിളും മോഷ്ടിച്ചു. ഇന്നലെ പുലര്‍ച്ചെ പള്ളിയിലെത്തിയ കപ്യാര്‍ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്നു പൊലിസിനെ അറിയിക്കുകയായിരുന്നു.ഇതിനുമുന്‍പ് മൂന്നു തവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. വടകര പോസ്റ്റ് ഓഫിസിലെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അകത്തുണ്ടായിരുന്ന ഇരുമ്പു പെട്ടി സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന്റെയും വടകര ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെയും കാണിക്ക വഞ്ചിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.
പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. നാലിടത്തെ മോഷണത്തിനു പിന്നിലും ഒരാള്‍ തന്നെ ആണെന്നാണു പോലീസ് നിഗമനം. കോട്ടയത്തു നിന്നും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് യൂനിറ്റിന്റെ സൈന്റിഫിക് ഓഫിസര്‍ സ്മിത എസ്.നായര്‍, തലയോലപ്പറമ്പ് എസ്.ഐ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ വച്ചാണ് അന്വേഷണം നടത്തുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയിട്ടുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."