ജനറല്‍ ആശുപത്രിയിലെ ബഗ്ഗി കാറുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി
കോട്ടയം: ജനറല്‍ ആശുപത്രിക്ക് കോട്ടയം അതിരൂപത സംഭാവന ചെയ്ത ബഗ്ഗി കാറുകള്‍ ദുരുപയോഗം ചെയ്യുന്നു.
രണ്ടു ബഗ്ഗി കാറുകളില്‍ ഒന്ന് മരുന്നുകളും ഉപകരണങ്ങളും വിവിധയിടങ്ങളില്‍ എത്തിക്കാനുള്ളതാണെങ്കിലും ഇതില്‍ നിര്‍മാണ സാമഗ്രികള്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ബിഷപ് കുര്യാക്കോസ് കുന്നശേരിയുടെ സ്മരണക്കായാണ് കോട്ടയം അതിരൂപത രണ്ട് ബഗ്ഗി കാറുകള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് സംഭാവന ചെയ്തത്.
ഇതില്‍ ഒന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളെ കൊണ്ടു പോകുന്നതിന് വേണ്ടിയും മറ്റൊന്ന് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും മറ്റും സംവഹിക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍ രണ്ടാമത്തെ ക്യാംപില്‍ നിര്‍മാണ സാമഗ്രികള്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിലെ 9ാം വാര്‍ഡിനടുത്ത് നിന്നും സാധനങ്ങള്‍ കയറ്റി റ്റി ബി വാര്‍ഡിന് അടുത്തേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ രണ്ട് ക്യാംപുകളില്‍ കാര്‍ഗോ ക്യാംപില്‍ ആശുപത്രിയിലെ ഏത് തരം സാധനങ്ങളും കയറ്റിക്കൊണ്ടു പോകാന്‍ അനുവാദമുണ്ടെന്നാണ് ജീവനക്കാരില്‍ ചിലരുടെ വാദം. ചട്ടപ്രകാരമല്ലാതെ സാധനങ്ങള്‍ കയറ്റിയിട്ടില്ലെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ കാര്‍ഗോ ക്യാംപ് ആശുപത്രി ഉപകരണങ്ങളും മരുന്നുകളും മറ്റും കയറ്റാന്‍ മാത്രമുള്ളതാണെന്നും മറ്റെന്തെങ്കിലും സാധനങ്ങള്‍ കയറ്റാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാധനങ്ങള്‍ ക്യാംപില്‍ കയറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."