പ്രിന്‍സിപ്പലിന്റെ പകപോക്കല്‍ നയം: കെ.എം.സി.ടി ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്
കോഴിക്കോട്: കെ.എം.സി.ടി കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. അധ്യാപിക നല്‍കിയ ഇന്റേണല്‍ മാര്‍ക്കില്‍ പ്രിന്‍സിപ്പല്‍ തിരുത്തല്‍ വരുത്തി സര്‍വകലാശാലയ്ക്ക് അയച്ചതിനെ തുടര്‍ന്നാണു മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ തോല്‍ക്കാനിടയായതെന്ന് ആരോപിച്ചാണു സമരം.
പ്രിന്‍സിപ്പലിന്റെ മകളടക്കമുള്ള ചില വിദ്യാര്‍ഥികള്‍ക്കു യഥാര്‍ഥ മാര്‍ക്ക് നല്‍കുകയും മറ്റ് 30ഓളം വരുന്ന വിദ്യാര്‍ഥികളുടെ മാര്‍ക്ക് തിരുത്തി സര്‍വകലാശാലയ്ക്ക് അയക്കുകയുമാണു ചെയ്തതെന്നു വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായിരിക്കുകയാണെന്നും കെ.എം.സി.ടി കോളജില്‍ പരീക്ഷാ നടത്തിപ്പ്, സെമസ്റ്റര്‍ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍, ലാബ് എന്നിവയിലൊന്നും സര്‍വകലാശാലാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് ലഭിച്ച മിടുക്കരായ വിദ്യാര്‍ഥികളടക്കം പ്രിന്‍സിപ്പലിന്റെ പകപോക്കലിനിരയായിട്ടുണ്ട്. വിഷയത്തില്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയിട്ടും മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ക്ലാസു പോലും നല്‍കാതെയാണു ചില പരീക്ഷകള്‍ നടത്തിയത്. രേഖാമൂലം കത്തു നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നു സമരം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ അബ്ദുല്‍ ജാസിം, മിലാന തോമസ്, ആഷിക് മുഹമ്മദ്, രക്ഷിതാക്കളായ പി. അബ്ദുല്‍ ഗഫൂര്‍, അഡ്വ. അഫ്‌നാസ് എം.പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."