'ഒട്ടും ഭയപ്പെടേണ്ട, സാധാരണ പനി പോലെയേ ഉള്ളൂ, ഐസൊലേഷന്‍ വാര്‍ഡെന്നാല്‍ കാറ്റും വെളിച്ചവുമില്ലാത്ത കുടുസ്സു മുറികളല്ല'- കൊവിഡിനെ അതിജീവിച്ച ഡല്‍ഹി സ്വദേശി പറയുന്നു
ന്യൂഡല്‍ഹി: ലോകത്തെയെങ്ങും ഭീതിയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ ആശ്വാസത്തിന്റെ ഇത്തിരി വെളിച്ചമായി ഇതാ അതിനെ അതിജീവിച്ച ഒരാള്‍. ഈ മഹാമാരിയെ ഓര്‍ത്ത് ആരും ഭയപ്പെടേണ്ടതില്ലെന്ന ആശ്വാസവാക്കാണ് ഇയാള്‍ക്ക് പങ്കുവെക്കാനുള്ളത്.
'ആരും പരിഭ്രാന്തിപ്പെടേണ്ട ാവശ്യമില്ല. അതൊരു സാധാരണ പനി പോലെ തന്നെയാണ്. രോഗവുമായ ആരോഗ്യമുള്ള ഒരാള്‍ തക്ക സമയത്ത് ഡോക്ടറുടെ സമീപത്തെത്തിയാല്‍ ഒട്ടും ഭയപ്പെടാനില്ലാത്ത അസുഖമാണിത്. പിന്നെ ഐസൊലേഷന്‍ വാര്‍ഡുകളെന്നാല്‍ കാറ്റും വെളിച്ചവുമില്ലാത്ത കുടുസ്സു മുറികളുമല്ല'- 45 കാരനായ ബിസിനസുകാരന്‍ പറയുന്നു.
ഞായറാഴ്ചയാണ് ഇയാളുടെ രോഗം ഭേദമായെന്ന് സ്ഥിരീകരിച്ചത്. എന്നാലും 14 ദിവസം കൂടി ഇയാള്‍ വീട്ടില്‍ തന്നെ നില്‍ക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് ഇയാളെ ചികിത്സിച്ചത്.
'യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 25നാണ് ഞാന്‍ മടങ്ങിയെത്തിയത്. അടുത്ത ദിവസം തന്നെ എനിക്ക് പനി തുടങ്ങി. ഞാന്‍ ഡോക്ടറുടെ അടുത്ത് പോയി. തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ ഉള്ളതു കൊണ്ടാണ് പനിയെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. മൂന്നു ദിവസത്തേക്ക് മരുന്ന് തന്നു. 28ന് ഞാന്‍ സുഖം പ്രപിച്ചു. എന്നാല്‍ 29ന് വീണ്ടും പനിച്ചു. ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോയി. മാര്‍ച്ച് ഒന്നിന് എനിക്ക് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചു'- അദ്ദേഹം പറഞ്ഞു.
'സത്യം പറയാമല്ലോ കൊവിഡ് സ്ഥിരീകരിക്കുന്നതുവരെയുള്ള സമയം മാത്രമായിരുന്നു പ്രയാസകരം. പിന്നെ ഡോക്ടര്‍മാരുടെ സംഘം എന്നെ കാണാന്‍ വന്നു. എന്നെ ഷിഫ്റ്റ് ചെയ്തു. എനിക്ക് രോഗം മാറുമെന്ന് അവര്‍ ആത്മവിശ്വാസം പകര്‍ന്നു. ആരോഗ്യവാനായതിനാല്‍ ഒരു പനി വരും പോലെ ഇത് മാറുമെന്ന് അവര്‍ ഉറപ്പു നല്‍കി. അതു പോലെ തന്നെ കുറച്ചധികം ദിവസം പനിച്ചാലെന്ന പോലെ രോഗം ഭേദമാവുകയും ചെയ്തു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാരുടെ സേവനത്തെയും ആശുപത്രികളിലെ സൗകര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്ത് ഇതുവരെ 110 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 23 അന്താഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടച്ചു. ഇന്നലെ ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും എത്തിച്ചവര്‍ സൈനിക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ജനക്പൂരില്‍ കോവിഡ് 19നെ തുടര്‍ന്ന് മരിച്ച 68കാരിയ്‌ക്കൊപ്പം ഇടപഴകിയ 800 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. രാജ്യത്ത് കോവിഡ് 19 പരിശോധനകള്‍ക്കായി 66 ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ ഇതുവരെ പരിശോധിച്ചു. ഇന്ന് മുതല്‍ പാര്‍ലമെന്റില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി.
ഹൈദരാബാദ് സര്‍വകലാശാല എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകള്‍ മാര്‍ച്ച് 31 വരെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."