ഇന്ന് വായനാദിനം
കിളിയനാട് സെന്‍ട്രല്‍ ലൈബ്രറിക്ക് ഇനിയെന്ന് ശാപമോക്ഷമാകും?
പുതിയ കെട്ടിടത്തിനുള്ള പ്രഖ്യാപനം വന്നു മാസങ്ങള്‍ക്കു ശേഷവും നിര്‍മാണം ആരംഭിച്ചില്ല
കോഴിക്കോട്: മുഖംമിനുക്കി ഹൈടെക്ക് ആക്കുമെന്ന പ്രഖ്യാപനം വന്നു മാസങ്ങള്‍ക്കുശേഷവും ശാപമോക്ഷമാകാതെ കിളിയനാട് സെന്‍ട്രല്‍ ലൈബ്രറി. പുത്തന്‍ കെട്ടിടം നിര്‍മിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു കോടി 60 ലക്ഷം രൂപ വകയിരുത്തിയിട്ടും പുരാതനസ്‌കൂള്‍ കെട്ടിടത്തിലാണ് ഇപ്പോഴും ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പുത്തന്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
പുസ്തകങ്ങള്‍ താല്‍ക്കാലിക കെട്ടിടത്തിലേക്കു മാറ്റാനുള്ള സ്ഥലവും ഇതുവരെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യന്‍ കോളജിനു സമീപത്തെ പഴയ കിളിയനാട് യു.പി സ്‌കൂളിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പുസ്തകങ്ങള്‍ മാറ്റാന്‍ സ്ഥലം കിട്ടാത്തതാണു നിര്‍മാണ പ്രവൃത്തി വൈകാന്‍ കാരണം. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡാണു പ്രവൃത്തി ഏറ്റെടുത്തത്. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളൊന്നും ഭവന നിര്‍മാണ ബോര്‍ഡ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
നിലവില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന കിളിയനാട് സ്‌കൂളില്‍ ആധുനിക സൗകര്യത്തോടെയുള്ള മൂന്നുനില കെട്ടിടമാണു നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖയും ഡിജിറ്റല്‍ മാതൃകയും തയാറായിട്ടുണ്ട്. റഫറന്‍സ് ലൈബ്രറി, സാംസ്‌കാരിക സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയും കെട്ടിടത്തില്‍ ഒരുക്കാന്‍ പദ്ധതിയുണ്ട്. ആയിരത്തിലധികം അംഗങ്ങളുള്ള ലൈബ്രറിയില്‍ നിലവില്‍ 60,000ത്തിലധികം പുസ്തകങ്ങളാണുള്ളത്. കംപ്യൂട്ടര്‍വല്‍കരിച്ചതാണു പുസ്തകശേഖരം. ഓരോ വര്‍ഷവും രണ്ടു ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ ലൈബ്രറിയിലേക്കു വാങ്ങുന്നുണ്ട്. ഇതിനു പുറമെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സര്‍ക്കാര്‍ ഗസറ്റുവരെ ഇവിടെ ബൈന്‍ഡ് ചെയ്തു സൂക്ഷിച്ചിരിക്കുന്നു. കൂടാതെ നിരവധി റഫറന്‍സ് ഗ്രന്ഥങ്ങളും. ഇനിയും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വിലപ്പെട്ട ഈ പുസ്തകങ്ങളെല്ലാം നശിക്കുന്ന അവസ്ഥയാണ്.
ഇപ്പോള്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നു നാല് സെന്റ് വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡ് വികസനത്തിനായി വിട്ടുകൊടുക്കേണ്ടി വരും. ശേഷിക്കുന്നത് പത്ത് സെന്റ് സ്ഥലമാണ്. ഇനിയും നിര്‍മാണ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അവതാളത്തിലാകുന്ന അവസ്ഥയാണ്.
മാനാഞ്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ലൈബ്രറി 2004ലാണ് സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റിയത്. അതേസമയം, നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഭവന നിര്‍മാണ ബോര്‍ഡിലെ അംഗങ്ങളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."