കാഞ്ഞിരമറ്റം-മാരിയില്‍കടവ് പാലം വന്നു; എത്താന്‍ വഴിയില്ല
തൊടുപുഴ: നിര്‍മാണം പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കാഞ്ഞിരമറ്റം - മാരിയില്‍ക്കടവ് പാലത്തിന്റെ സമീപന പാത പൂര്‍ത്തീകരിക്കാന്‍ ഇത്തവണയും സംസ്ഥാന ബജറ്റില്‍ തുകയില്ല.
തൊടുപുഴ മണ്ഡലത്തിലെ വികസന പദ്ധതികളുടെ മുന്‍ഗണനാ ക്രമത്തിലുള്ള ലിസ്റ്റില്‍ കാഞ്ഞിരമറ്റം പാലത്തിന്റെ പേര് പി.ജെ. ജോസഫ് എംഎല്‍എ ധനകാര്യമന്ത്രിക്കു നല്‍കിയിരുന്നെങ്കിലും പാലത്തിന്റെ സമീപന പാത നിര്‍മാണത്തിനുള്ള ഫണ്ട് സംബന്ധിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ ഉണ്ടായില്ല. ഈ ആഴ്ച നടക്കുന്ന ബജറ്റ് ചര്‍ച്ചയ്ക്കിടയിലെങ്കിലും പാലത്തിന്റെ സമീപന പാത പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് അനുവദിച്ചില്ലെങ്കില്‍ റോഡ് നിര്‍മാണം അനന്തമായി നീളുമെന്നാണു സൂചന.
പൊതുമരാമത്ത് വകുപ്പ് അഞ്ചരക്കോടി രൂപ മുടക്കി 2015 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം മുതല്‍ കാഞ്ഞിരമറ്റം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗം വരെയുള്ള 300 മീറ്ററോളം ഭാഗത്തു സമീപന പാത നിര്‍മിക്കാത്തതാണ് പ്രധാന പ്രശ്‌നം. മൂലമറ്റം റോഡില്‍നിന്നു പാലം വരെയുള്ള ഭാഗത്തെ സ്ഥല ഉടമകള്‍ക്കു വില നല്‍കിയിട്ടില്ല. റോഡ് പൂര്‍ത്തിയാക്കണമെങ്കില്‍ ഈ ഭാഗത്തുള്ള ഒന്‍പതുപേരുടെ സ്ഥലം വിലകൊടുത്ത് ഏറ്റെടുക്കണം. ഇതിനായി പൊതുമരാമത്ത് അധികൃതര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംബന്ധിച്ചു കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ചേര്‍ന്നു വില നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു നീക്കം നടത്തിയെങ്കിലും ഇതിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാത്തതാണ് പാലത്തിന്റെ പ്രയോജനം ഇല്ലാതാക്കുന്നത്.
ആദ്യഘട്ടത്തില്‍ കാഞ്ഞിരമറ്റം ക്ഷേത്ര ജംക്ഷനു സമീപം റോഡിലേക്കു സമീപന പാത നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 12 മീറ്റര്‍ വീതിയിലാകും ഇതു നിര്‍മിക്കുക. മൂലമറ്റം റോഡില്‍ മാരിയില്‍ കലുങ്ക് ജംങ്ഷന്‍ മുതല്‍ കാഞ്ഞിരമറ്റം വരെ മുക്കാല്‍ കിലോമീറ്ററോളം ഭാഗത്തെ റോഡാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. ഇതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്തുവകുപ്പ് അധികൃതര്‍ തയാറാക്കിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്തു മന്ത്രിയായിരുന്ന പി.ജെ. ജോസഫ് താല്‍പര്യമെടുത്താണ് കാഞ്ഞിരമറ്റം പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കാഞ്ഞിരമറ്റം മേഖലയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും വികസനം എത്തിക്കുന്ന പാലവും റോഡും ഉടന്‍ തന്നെ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാഞ്ഞിരമറ്റത്തേക്ക് ഇപ്പോള്‍ എത്തണമെങ്കില്‍ മൂപ്പില്‍ക്കടവ് പാലം കടന്നു പഴയ കാഞ്ഞിരമറ്റം റോഡിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം.
അതേസമയം പുതിയ പാലത്തോടനുബന്ധിച്ചുള്ള സമീപനപാത തീര്‍ന്നാല്‍ മാരിയില്‍ കലുങ്കില്‍നിന്നു പകുതിദൂരം സഞ്ചരിച്ച് ഇവിടെ എത്താന്‍ സാധിക്കും. കാഞ്ഞിരമറ്റം ക്ഷേത്രദര്‍ശനത്തിന് എത്തുന്ന നൂറുകണക്കിനു ഭക്തജനങ്ങള്‍ക്കും കാഞ്ഞിരമറ്റം, കീരിക്കോട്, തെക്കുംഭാഗം, അഞ്ചിരി മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്കും പുതിയപാലവും റോഡും എളുപ്പവഴിയാകും. തൊടുപുഴയില്‍നിന്ന് ഈ ഭാഗത്തേക്കുള്ള യാത്രാദൂരം കുറയ്ക്കുന്നതാണു പുതിയ പാലവും റോഡും. തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള യാത്രയും ഇതോടെ കൂടുതല്‍ എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."