ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്ന പൂനെ പൊലിസ് നടപടിക്കെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസിലുള്‍പ്പെടുത്തി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്ന പൂനെ പൊലിസ് നടപടിയ്‌ക്കെതിരേ ഡല്‍ഹിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. കാംപയിന്‍ എഗയ്ന്‍സ്റ്റ് സ്റ്റേറ്റ് റെപ്രഷന്‍ എന്ന പേരില്‍ ഐസ, ഭീം ആര്‍മി, ഡി.എസ്.യു തുടങ്ങിയ നിരവധി സംഘടനകള്‍ ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അറസ്റ്റ് ചെയ്യരുതെന്ന സുപ്രിംകോടതി നിര്‍ദേശം നിലനില്‍ക്കെ, പ്രഫസര്‍ ആനന്ദ് തെല്‍തുംബഡെയെ അറസ്റ്റ് ചെയ്ത പൂനെ പൊലിസ് നടപടി അവരുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഭിമാ കൊറെ ഗാവ് കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുധീര്‍ ധാന്‍വാലെ, സുരേന്ദ്ര ഗാഡ്‌ലിങ്, സുധാ ഭരദ്വാജ്, ഗൗതം നവ്്‌ലാഖ, സോമാ സെന്‍, വരവര റാവു, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരാരിയ, റോണാ വില്‍സണ്‍, മഹേഷ് റൗത്ത്, ജി എസ് സായിബാബ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കെ, മഹേഷ് ടിര്‍ക്കെ, പാണ്ഡു നരോട്ടി തുടങ്ങിയവര്‍ക്കെതിരായ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമന്നും ജയിലിലുള്ളവരെ മോചിപ്പിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെമ്പാടും ദലിതുകള്‍, മുസ്‌ലിംകള്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ശക്തികള്‍ സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഭീമ കൊറെഗാവ് അക്രമത്തിനു പിന്നിലും ഷാംബാജി ബിന്‍ഡെ, മിലിന്ദ് എക്‌ബോട്ടെ എന്നീ ഹിന്ദുത്വനേതാക്കളാണുളളത്. എന്നിട്ടും ഇവരിപ്പോഴും സ്വതന്ത്രരാണ്. ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ജയിലിലിടുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഖോല്‍സെ പാട്ടീല്‍, ജിഗ്്‌നേഷ് മേവാനി, പ്രഫ. ഉജ്ജ്വല്‍ കുമാര്‍, വൃന്ദാഗ്രോവര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."