ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തി മൂന്ന് 'പെണ്ണുങ്ങള്‍'
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയം നേടാനുള്ള സര്‍വ അടവുകളും ബി.ജെ.പി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വാഗ്ദാന പെരുമഴയില്‍ ജനവിശ്വാസം എത്രമാത്രം നേടാനാവുമെന്ന ഭയം പാര്‍ട്ടിയെ അസ്വസ്ഥരാക്കുന്നതിനിടെയാണ് രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മൂന്ന് 'പെണ്ണുങ്ങള്‍' മോദിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.
പ്രിയങ്കാ ഗാന്ധി, മയാവതി, മമത ബാനര്‍ജി എന്നിവരാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്ന വനിതകള്‍. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഭരണം നടത്തിയ നെഹ്‌റു കുടുംബത്തില്‍ നിന്നാണ് പ്രിയങ്കയുടെ വരവ്. പ്രിയങ്കയുടെ വരവിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ മാസമാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ പ്രാഥമിക ചുമതല.
എന്‍.ഡി.എയുടെ ഉറക്കം കെടുത്തി പ്രതിപക്ഷ ഐക്യത്തിനായി നേതൃത്വം നല്‍കുന്നവരാണ് മമതാ ബാനര്‍ജിയും മായാവതിയും. എന്‍.ഡി.എയിലുള്ളതിനെക്കാള്‍ ശക്തരായ സ്ത്രീകളാണ് പ്രതിപക്ഷത്തുള്ളതെന്നും വോട്ടര്‍മാരെ പ്രത്യേകിച്ചും വനിതകളെ സ്വാധീനിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ബി.ജെ.പി വിട്ട മുന്‍ധനമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഭൂരിപക്ഷ ഹിന്ദി ഭൂമികളില്‍ ബി.ജെ.പി പരാജയപ്പെട്ടതോടെ അവരുടെ ഭീതി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ വരവ് ബി.ജെ.പിയെ അസ്വസ്ഥരാക്കിയെന്നാണ് പിന്നീടുണ്ടായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ധിരാഗാന്ധിയുടെ മുഖച്ഛായയും ജനങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള വ്യത്യസ്തതയുമാണ് പ്രിയങ്കയെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തയാക്കുന്നത്.
രാഷ്ട്രീയത്തില്‍ വളരെയധികം തഴക്കവും പഴക്കവുമുള്ള മറ്റു രണ്ട് വനിതകളും പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള മോദിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അടുത്ത വര്‍ഷം സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ പ്രധാനമന്ത്രിയാവാന്‍ ഇരുവരും യോഗ്യരാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) നേതൃത്വത്തിലുള്ള 63 കാരിയായ മുന്‍ അധ്യാപിക മായാവതി അഖിലേഷിന്റെ സമാജ് വാദിയുമായി സഖ്യമുണ്ടാക്കിയതോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ചങ്കിടിപ്പ് വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള യു.പിയിലെ ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാവും.
രണ്ടു വര്‍ഷം കേന്ദ്ര മന്ത്രിയും നിലവില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ തൃണമൂല്‍ നേതാവ് മമത കൊല്‍ക്കത്തയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിച്ചതോടെ ബി.ജെ.പി വിരുദ്ധ സഖ്യത്തിനുള്ള അടിത്തറ പാകുകയായിരുന്നു. റാലിയില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
പ്രതിപക്ഷത്തിന് ഐക്യമില്ലെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടെങ്കിലും എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്ന യു.പിയിലെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുമുണ്ട്. മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസ് ഔദ്യോഗികമായി സംഖ്യമുണ്ടാക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തതോടെ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. രാഹുലിനും പ്രിയങ്കക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദിനേഷ് ത്രിവേദി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."