മഹാരാജാവിന്റെ ഘര്‍വാപസി
പതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍ വേറെ നിവൃത്തിയില്ലാതെ ചെയ്തതാവും. പാര്‍ട്ടി അതുവരെ നാമാവശേഷമാകാതെ നിലനിന്നല്ലോ, അത് അത്ഭുതം. ഇപ്പോഴിതാ ഭരണത്തില്‍ തിരിച്ചുവന്ന് പതിനഞ്ച് മാസം തികയും മുന്‍പ് ഇരിപ്പ് പ്രതിപക്ഷത്താകാന്‍ പോകുന്നു. കോണ്‍ഗ്രസുകാര്‍തന്നെ ബി.ജെ.പിയെ പിടിച്ചുവലിച്ച് ഭരണക്കസേരയില്‍ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഭരണത്തിലിരുന്നാല്‍ ഒരു സുഖവുമില്ല, എങ്ങനെയെങ്കിലും പ്രതിപക്ഷമാവണം കോണ്‍ഗ്രസിന്.
ഇന്നലെ വരെ കോണ്‍ഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്ന രാജപ്രമുഖനാണ്, ഓര്‍ക്കാപ്പുറത്ത് മറുകണ്ടംചാടി ബി.ജെ.പിയുടെ അത്ഭുതപ്രതീക്ഷയായി മാറിയത്. ബി.ജെ.പിയുടെ പതിവ് ഇതല്ല. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുത്തിത്തിരിപ്പിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഗൂഢസംഘത്തെ നിയോഗിക്കുകയാണ് കീഴ്‌വഴക്കം. അവര്‍ പോയി കോടികള്‍ ഇറക്കി എം.എല്‍.എ കച്ചവടത്തിനു സ്റ്റാള്‍ തുറക്കും. റെയ്റ്റ് സംസ്ഥാനത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറും. മധ്യപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് പണം പുല്ലായി കത്തിക്കാന്‍ തയാറായിരുന്നു. മന്ത്രിസഭയ്ക്ക് വയസ് ര
ണ്ടാകും മുന്‍പ് അവര്‍ അതൊപ്പിക്കുമായിരുന്നു. അതൊന്നും വേണ്ടിവന്നില്ല. ബി.ജെ.പി ഏറ്റവും ഭയന്ന, അമ്പതുതികയാന്‍ പോകുന്ന യുവതേജസ്സിനെത്തന്നെ കാല്‍കാശ് മുടക്കാതെ കൈയില്‍ കിട്ടി. അതിനാണു കോണ്‍ഗ്രസിനെ നമിക്കണമെന്നു പറഞ്ഞത്.
അച്ഛനൊഴികെ കുടുംബം ഒന്നടങ്കം ബി.ജെ.പി ആയിരുന്നിട്ടും ജ്യോതിരാദിത്യ ഇത്രയും കാലം പിടിച്ചുനിന്നത് ചില്ലറ കാര്യമല്ല. പക്ഷേ, രണ്ടാം വട്ടം മോദി വന്നതോടെ എല്ലാ പോരാട്ടവും തോല്‍ക്കുന്ന കളിയായി തോന്നിയിരുന്നു. എന്നിട്ടും പിടിച്ചുനിന്നു. കോണ്‍ഗ്രസുകാരുണ്ടോ സമ്മതിക്കുന്നു. സിന്ധ്യയെ ബി.ജെ.പിയിലേക്കു പറപ്പിച്ചേ അടങ്ങൂ എന്നവര്‍ പ്രതിജ്ഞയെടുത്തിരുന്നു. പിന്നെ, വൈകിയില്ല.
പതിനഞ്ചു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വന്നപ്പോള്‍ ജ്യോതിരാദിത്യക്ക് മുഖ്യമന്ത്രിസ്ഥാനം കൊടുത്തുകൂടായിരുന്നോ എന്ന ചോദ്യം പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. കൊടുക്കാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നു ചോദിക്കുന്നവരും കാണും. യുവാക്കളെ സ്വര്‍ഗത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കും എന്നോ മറ്റോ ഉള്ള വാഗ്ദാനവുമായി നടക്കുന്ന പോയ പ്രസിഡന്റ് രാഹുലിന്റെ ഉറ്റ സുഹൃത്തായിട്ടും സിന്ധ്യക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. എഴുപതുപിന്നിട്ട കമല്‍നാഥ് എന്ന യുവാവിനെയാണ് പാര്‍ട്ടി കണ്ടെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഇവന്റെ ശല്യം അങ്ങോട്ടു പോട്ടെ എന്നുവിചാരിച്ചാണ് സിന്ധ്യയെ ഗുണയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അവിടെ തോറ്റതോടെ സിന്ധ്യക്ക് കളി പാളിയെന്നു ബോധ്യം വന്നിരുന്നു. പിന്നെ വൈകിയില്ല.
എന്തായാലും, കോണ്‍ഗ്രസ് വളരെ കുബുദ്ധിപൂര്‍വമായി ഒരു കാര്യം ചെയ്തു. സിന്ധ്യ പാര്‍ട്ടിയില്‍നിന്നുള്ള രാജി പ്രഖ്യാപിച്ച ദിവസംതന്നെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി! എന്തൊരു തന്ത്രപൂര്‍വ നീക്കം! കേരളത്തില്‍നിന്നു പോയ കെ.സി വേണുഗോപാല്‍ ആയിരിക്കണം ഇത് സോണിയാജിയെ ഉപദേശിച്ചത് എന്നാണ് തലസ്ഥാനത്തെ പത്രക്കാര്‍ക്കിടയിലെ അഭ്യൂഹം. കേരളത്തില്‍ സി.പി.എം ഇതു സാധാരണ പ്രയോഗിക്കാറുള്ളത് വേണുഗോപാലന്‍ കണ്ടിരിക്കുമല്ലോ. പാര്‍ട്ടി വിട്ടവനെ ലക്ഷ്യം വെച്ച് പുറത്താക്കല്‍ അമ്പ് തൊടുത്തുവിടും. അത് അതിവേഗത്തില്‍ പറന്നുചെന്ന് രാജിക്കത്തിനെ മറികടന്ന് ആളെ നിലംപരിശാക്കും! സിന്ധ്യ മോദിയെ കാണുന്ന അതേ സമയമാണത്രെ കെ.സി വേണുഗോപാല്‍ സോണിയാജിയുമായി സംസാരിച്ചത്. ഇതുതന്നെയാവും പറഞ്ഞുകൊടുത്തത്. അല്ലാതെ വേണുഗോപാലിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വമൊന്നുമാവില്ല. ഉറപ്പ്.
ഇതൊക്കെയാണെങ്കില്‍ മഹാരാജിന്റെ ഈ ഘര്‍വാപസിയെ പ്രധാനമന്ത്രിക്ക് അത്ര പിടിച്ചിട്ടില്ല എന്നൊരു കിംവദന്തി ബി.ജെ.പി വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ടത്രെ. മോദിജിയുടെ ഒരു സമീപകാലപ്രസംഗം ആരോ എടുത്തു പുറത്തിട്ടതാണു കിംവദന്തിക്കു കാരണം. ഡല്‍ഹി രാംലീല മൈതാനത്തെ പൊതുയോഗത്തിലായിരുന്നു ആ പ്രസംഗം. കുടുംബാധിപത്യം ശരിയല്ല എന്നതാണ് ആ പ്രസംഗത്തിന്റെ മുഖ്യതീം. അന്നു ഒരു കുടുംബമല്ലേ കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നുള്ളൂ. മോദിജി പറഞ്ഞത്, കുടുംബാധിപത്യമുള്ള പാര്‍ട്ടി തന്നെപ്പോലെയുള്ള ചായ്‌വാല കുടുംബത്തില്‍പ്പെട്ടവരെ, പാവപ്പെട്ടവരെ വളരാന്‍ സമ്മതിക്കില്ല എന്നായിരുന്നു. മധ്യപ്രദേശിലെ സിന്ധ്യ കുടുംബത്തെയും ഹരിയാനയിലെ ഹൂഡ കുടുംബത്തെയും കശ്മിരിലെ അബ്ദുല്ല കുടുംബത്തെയും അദ്ദേഹം പേരെടുത്തു പറഞ്ഞിരുന്നു. 'പട്ടിണിയില്‍നിന്നു വളര്‍ന്നുവരുന്നവരെ അവര്‍ ഇടിച്ചുതാഴ്ത്തും. യോഗ്യതയുള്ളവരെ അവര്‍ അടിച്ചമര്‍ത്തും. 21 ാം നൂറ്റാണ്ട് കുടുംബാധിപത്യത്തിന്റെ നൂറ്റാണ്ടല്ല. ഞാന്‍ ഇതുപറയുന്നതുകൊണ്ടാണ് അവര്‍ എന്നെ ശത്രുവായി കാണുന്നത്'. മോദിജി ശബ്ദമുയര്‍ത്തിതന്നെ പറഞ്ഞു. സിന്ധ്യാജി ഒരു പക്ഷേ ഇതു കേട്ടുകാണില്ല. ഇനി അതല്ല, രാജകുടുംബങ്ങള്‍ക്കു മോദിതത്ത്വം ബാധകമല്ല എന്നുണ്ടോ? എന്തോ...കാത്തിരുന്നു കാണാം.
കോണ്‍ഗ്രസ് എന്നും കുടുംബാധിപത്യത്തിന് എതിരാണ് എന്നതാണ് യഥാര്‍ഥ്യം. അത് അധികം പേര്‍ ശ്രദ്ധിക്കാറില്ല. കോണ്‍ഗ്രസ് ഒരു കുടുംബത്തിനു മാത്രമേ ഇക്കാര്യത്തില്‍ ഭാഗികമായ എക്‌സംപ്ഷന്‍ കൊടുക്കുന്നുള്ളൂ. അതു ഗാന്ധി കുടുംബം എന്നറിയപ്പെടുന്ന നെഹ്‌റു കുടുംബത്തിനാണ്. വേറെ ഒരു കുടുംബത്തെയും മുകളിലെത്താന്‍ സമ്മതിക്കില്ല. ആ കുടുംബത്തില്‍തന്നെ പിണങ്ങിനിന്നവരെ ഇങ്ങോട്ട് അടുപ്പിച്ചിട്ടില്ല. ഇന്ദിരാജിക്കു രണ്ട് ആണ്‍മക്കളുണ്ടായിരുന്നു എന്നറിയാത്തവരില്ലല്ലോ. അതില്‍ ഒരാളുടെ മകനാണ് രാഹുല്‍. മറ്റേയാളുടെ മകന്‍ എവിടെ എന്നാരെങ്കിലും അന്വേഷിക്കാറുണ്ടോ? അവന്‍ വരുണ്‍ ഗാന്ധിയാണ്. രാജീവ് വിമാനം പറപ്പിച്ചു നടക്കുന്ന കാലത്ത് രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായി കോണ്‍ഗ്രസുകാര്‍ കൊണ്ടുനടന്നത് വരുണിന്റെ പിതാവായ സഞ്ജയിനെയായിരുന്നു. ഭാഗ്യമുണ്ടായില്ല. ആ സഞ്ജയിന്റെ മകന്‍ വരുണ്‍ ഗാന്ധി ഇന്നു തേരാപാരാ നടക്കുകയാണെന്ന് എത്ര പേര്‍ ഓര്‍ക്കുന്നു? ഇതില്‍പ്പരം ശക്തമായ കുടുംബാധിപത്യവിരോധം വേറെ ആര്‍ക്കുണ്ട്!
രാജസ്ഥാനും ശരിപ്പെടുത്താം
രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്ത അഖിലേന്ത്യാ നേതാവിന്റെ പേരു കേട്ടിരിക്കുമല്ലോ. നമ്മുടെ നാട്ടുകാരനായ കെ.സി വേണുഗോപാല്‍. ഈ കണ്ണൂരുകാരന്‍ ആലപ്പുഴയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അടുത്ത കാലം വരെ. എന്തേ ആലപ്പുഴയില്‍നിന്നു ഇത്തവണ മത്സരിക്കാഞ്ഞത്? പാര്‍ട്ടിയില്‍ വളരെയേറെ ചുമതലകള്‍ വഹിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പാര്‍ലമെന്റംഗമാകാന്‍ വയ്യ. എന്തൊരു അഭിനന്ദനീയമായ ത്യാഗം എന്നു പലരും അമ്പരന്നു. പക്ഷേ, പാര്‍ട്ടി ചുമതലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കേതന്നെ അദ്ദേഹമിതാ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും, രാജ്യസഭയിലൊരു സീറ്റു കിട്ടിയാല്‍ ആരും വേണ്ടെന്നു പറയില്ല. കോടീശ്വരന്മാര്‍ കോടികള്‍ വലിച്ചെറിഞ്ഞ് നേടിയെടുക്കുന്ന സ്ഥാനമാണ്. മറ്റൊരു സംസ്ഥാനത്തു പോയി മത്സരിക്കാന്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലൊരു വലിയ പാര്‍ലമെന്റേറിയനാണോ കെ.സി വേണുഗോപാല്‍ എന്ന് ആരും ചോദിക്കരുത്. ആണ് എന്നു മാഡം പറഞ്ഞാല്‍ ആണ് എന്നാണ് അര്‍ഥം.
രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണമുണ്ട്. മധ്യപ്രദേശിലെപ്പോലെ ഇതും വളരെക്കാലത്തിനു ശേഷം വീണുകിട്ടിയതാണ്. ജനത്തിന് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കഷ്ടിച്ച് ഭൂരിപക്ഷം കൊടുത്തതാണ്. രാജ്യസഭാ സ്ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. രാജസ്ഥാനും മധ്യപ്രദേശിന്റെ വഴി പോകുമോ എന്നറിയില്ല. ആരു പോയാലും ഹൈക്കമാന്‍ഡിന് പ്രശ്‌നമല്ല. മന്ത്രിസഭ തകര്‍ന്നാലും പ്രശ്‌നമല്ല. എത്രകാലം പട്ടിയുടെ വാല്‍ കുഴലിലിട്ടാലും അത് നിവരുകയില്ല തീര്‍ച്ച.
മുനയമ്പ്
ഗുജറാത്തിലെ അവശിഷ്ട കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലരും ബി.ജെ.പിയിലേക്കു കാലുമാറുന്നു - വാര്‍ത്ത.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും നേതാക്കളുമെല്ലാം കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുക. എല്ലാവരും അതിലെത്തിയാല്‍ ആ പാര്‍ട്ടി കുട്ടിച്ചോറാകും. അതിന്റെ കഥ കഴിയും. അതാണ് എളുപ്പവഴി....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."