കൊവിഡ്-19- ആദ്യ വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന് യു.എസ്
വാഷിങ്ടണ്‍: കൊവിഡ്-19 നെതിരായ ആദ്യ വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന അവകാശ വാദവുമായി അമേരിക്ക. സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കൊറോണ വൈറസ് വാക്‌സിന്‍ ആദ്യ പരീക്ഷണം നടത്തിയത്. ആരോഗ്യമുള്ള 45 യുവാക്കളിലാണ് പരീക്ഷണം നടത്തുന്നത്. ഇതിന് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം പുതിയ വാക്‌സിന്‍ പൂര്‍ണമായും സാധൂകരിക്കാന്‍ ഒരു വര്‍ഷം മുതല്‍ 18 മാസം വരെ എടുക്കുമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അമേരിക്കയില്‍ 10 കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നതിന് നിരോധിച്ചു. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
ലോകത്ത് ഇതുവരെ 1,82,383 പേര്‍ക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ നാള്‍ക്കുനാള്‍ കൂടുകയാണ്. ഇന്നലെ മാത്രം ഇറ്റലിയില്‍ രോഗം ബാധിച്ച് 349 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2158 ആയി. 3233 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
വൈറസ് ബാധ തടയാന്‍ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജര്‍മനിയില്‍ പലവ്യഞ്ജന സ്ഥാപനങ്ങളൊഴികെ മറ്റു സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായി സ്‌പെയിന്‍. 9942 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. 292 പേര്‍ മരിച്ചു. 15 ദിവസം സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌പെയിനിനു പുറമേ ഫിന്‍ലാന്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 853 ആയി. കോവിഡ് ഭീഷണിയെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."