പല്ലിന്റെ അസുഖവും റൂട്ട് കനാല്‍ ചികിത്സയും
#ഡോ. നിയാസ് ബക്കര്‍ എം.പി
ചീഫ് ഡെന്റല്‍ സര്‍ജന്‍
വൈലത്തൂര്‍. ഫോണ്‍: 83040762 11
പല്ല് വേദനയുമായി ഡോക്ടറെ സമീപിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ഡോക്ടര്‍ റൂട്ട് കനാല്‍ ചികിത്സ വേണ്ടി വരുമെന്ന് നിര്‍ദേശിക്കുന്നത്. റൂട്ട് കനാല്‍ തെറാപ്പി, എന്റോഡോണ്ടിക്ക് ട്രീറ്റ്‌മെന്റ് എന്നിങ്ങനെ പല പേരിലും ഇത് അറിയപ്പെടുന്നു. കേടുവന്ന പല്ലിന് വേദനയും നീരും വരുമ്പോള്‍ സാധാരണയായി റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്യല്‍ അനിവാര്യമായിവരുന്നു. എന്നാല്‍ ഈ ചികിത്സയെക്കുറിച്ച് പലര്‍ക്കും പൂര്‍ണമായ അവബോധം ഇല്ല എന്നതാണ് സത്യം.
പല്ലിന്റെ വേരുചികിത്സയെക്കുറിച്ച് അറിയണമെങ്കില്‍ ആദ്യം ദന്ത ഘടനയെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്.
പല്ലുകള്‍ പ്രധാനമായും മൂന്ന് പാളികള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
1) ഇനാമെല്‍, സിമെന്റം
2) ഡെന്റില്‍
3) പള്‍പ്പ്
ഇനാമെല്‍
പല്ലുകളുടെ ഏറ്റവും പുറത്ത് കാണപ്പെടുന്ന പാളിയാണ് ഇനാമെല്‍ (2.5 എം.എം. ഘനം). ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഒന്നാണിത്. പല്ലുകള്‍ക്ക് സംരക്ഷണവും ഘടനയും നല്‍ക്കുന്നതില്‍ ഇനാമെല്‍ പ്രധാന പങ്കുവഹിക്കുന്നു.
സിമെന്റം
പല്ലുകളുടെ വേരിന്റെ പുറംഭാഗത്ത് കാണപ്പെടുന്ന പാളിയാണ് സിമെന്റം. പ്രത്യേക വൈവിധ്യഘടനയുള്ള നാരുകള്‍ വഴി (പീരിയോഡോന്റല്‍ ലിഗമെന്റ്) ഇവ പല്ലുകളെ എല്ലുമായി ബന്ധിപ്പിച്ച് ദന്തങ്ങളെ യഥാസ്ഥാനത്ത് നിര്‍ത്താല്‍ സഹായിക്കുന്നു.
ഡെന്റിന്‍
ഇനാമെല്‍, സിമന്റം ഇവയ്ക്കു തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന പാളിയാണിത്. സംവേദനക്ഷമത കൂടുതലായതിനാല്‍ ഇനാമെല്‍ നഷ്ടപ്പെടുമ്പോള്‍ പല്ലുകള്‍ക്ക് പുളിപ്പും വേദനയും അനുഭവപ്പെടുന്നു.
പള്‍പ്പ്
പല്ലുകളുടെ ആന്തരിക ഘടനയില്‍ പരമപ്രധാനമായ ഒന്നാണ് പള്‍പ്പ്. സൂക്ഷ്മമായ രക്തക്കുഴലുകള്‍ ഞരമ്പുകള്‍ നാഡികള്‍ എന്നിവയൊക്കെയാണ് പ്രധാനമായും പള്‍പ്പില്‍ അടങ്ങിയിരിക്കുന്നത്. ഈ ഭാഗത്ത് അണുബാധയുണ്ടാവുമ്പോഴാണ് ശക്തമായ വേദന അനുഭവപ്പെടുന്നത്. റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നതും നീക്കം ചെയ്യുന്നതും ഈ സംയുക്ത കോശങ്ങളെത്തന്നെയാണ്. ദന്താരോഗ്യത്തിന് ആരോഗ്യ പൂര്‍ണമായ പള്‍പ്പ് അനിവാര്യമാണ്.
റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ്
സാധാരണരീതിയില്‍ പോട് അടച്ച് സംരക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ (ഇര്‍ റിവേഴ്‌സിബിള്‍ പള്‍പ്പിറ്റിസ്) ഇന്‍ഫെക്ഷന്‍ സംഭവിച്ചാലാണ് റൂട്ട് കനാല്‍ ചികിത്സ നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ ഇത് കൂടാതെയും ചില സന്ദര്‍ഭങ്ങളില്‍ വേരു ചികിത്സ അനിവാര്യമായി വന്നേക്കാം.
റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് ഘട്ടങ്ങള്‍:
വേദന അനുഭവപ്പെടാതിരിക്കാന്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയതിനുശേഷം ബലക്ഷയം ബാധിച്ചതും കേട് വന്നതുമായ ഇനാമെല്‍ ഡെന്റിന്‍ എന്നിവ നീക്കം ചെയ്യുന്നു.
മുകള്‍ ഭാഗത്തുനിന്ന് പള്‍പ്പ് ചേംബര്‍ വരെ കാണുന്ന രീതിയില്‍ തുറക്കുകയും അണുബാധിച്ച പള്‍പ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു.
വേരുകളുടെ നീളം അളക്കുകയും വേരു ഭാഗത്ത് കാണപ്പെടുന്ന പള്‍പ്പ് (റാഡിക്യുലാര്‍ പള്‍പ്പ്) പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണങ്ങള്‍ കൊണ്ട് (അരം) നീക്കം ചെയ്ത് വൃത്തിയാക്കുന്നു.
ഉള്ളില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളെ ഇറിഗേഷന്‍ ഉപയോഗിച്ച് (സലെയ്‌ന്, സോഡിയം ഹൈപ്പോക്ലോറൈറ്റ്) പുറത്തേക്ക് എടുക്കുന്നു.
നീക്കം ചെയ്ത പള്‍പ്പിന്റെ ഭാഗത്ത് അളവനുസരിച്ച് കോണാകൃതിയിലുള്ള കൃത്രിമ വസ്തു (ഗുട്ടാപെര്‍ഷ) കൊണ്ട് അടച്ച് സൂക്ഷിക്കുന്നു.
റൂട്ട് കനാല്‍ ചികിത്സ കഴിഞ്ഞാല്‍ പല്ലുകള്‍ ക്യാപ്പ് ചെയ്ത് സംരക്ഷിക്കല്‍ നിര്‍ബന്ധമാണ്. പല്ലുകള്‍ ബലക്ഷയം വന്ന് പൊട്ടിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും.
റൂട്ട് കനാല്‍
ട്രീറ്റ്‌മെന്റ് അനിവാര്യമായ സമയങ്ങള്‍
ശക്തമായ പല്ലുവേദന.
പല്ലുകളുടെ ജീവാംശം നഷ്ടപ്പെടുക.
പല്ലിന്റെ വേരുഭാഗത്ത് മോണയില്‍ കുരു പോലെ കാണപ്പെടുക.
ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളമോ ഭക്ഷണമോ കഴിച്ചതിനുശേഷവും പല്ലില്‍ പുളിപ്പോ വേദനയോ അനുഭവപ്പെടുക.
കൂടിയ തോതിലുള്ള മോണവീക്കവും പഴുപ്പും അനുഭവപ്പെടുക.
ആഴത്തില്‍ അതിസൂക്ഷ്മമായ പൊട്ടല്‍ (പള്‍പ്പ് ഉള്‍പ്പെടെ)
സ്ഥിരമായ കൃത്രിമപ്പല്ലുകള്‍ വയ്ക്കുമ്പോള്‍ (പ്രധാനമായും താഴെ മുന്‍നിരയിലെ പല്ലുകള്‍ക്ക്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."