44 മാസത്തെ ജയില്‍വാസം, ഒടുവില്‍ ബിജു മോചിതനായി
നിസാര്‍ കലയത്ത്#
ജിദ്ദ: വാഹനാപകട കേസില്‍ അല്‍ഖുര്‍മ ജയിലില്‍ നാലുവര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരന്‍ (43) ഒടുവില്‍ മോചനം. അവസാനമായി രണ്ടുമാസം മുന്പ്് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സ്പോണ്സര് ആവശ്യപ്പെട്ട പണം തനിക്ക് നല്കാന് കഴിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
തുടര്നടപടിയെന്നോളം കഴിഞ്ഞമാസം ആദ്യവാരത്തില്‍ കേസ് അവസാനിച്ചതായും മേല്‍കോടതിയില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാല്‍ പുറത്തിറങ്ങാമെന്നും കോടതിയില്‍നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ശേഷം മക്ക മേല്‍കോടതിയില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ബിജു ബുധനാഴ്ച മോചിതനായത്. അല്‍ ഖൂര്‍മ കെ.എം.സി.സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന്റെ യാത്രാ രേഖകള്‍ ശരിയായാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമസഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യൂ പ്രതിനിധിയും കെ.എം.സി.സി നേതാവുമായ മുഹമ്മദ് സാലി പറഞ്ഞു.
2015 മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് പൊട്ടറ്റോ ചിപ്സ് കയറ്റിയ ലോഡുമായി നജ്റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധ്യേ തായിഫിന് സമീപം അല്‍ ഖുര്‍മ റാന്നിയ റോഡില്‍ എതിര് ദിശയില്‍നിന്നു വന്ന ആടുകളെ കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ പിക്അപ്പ് വാന്‍ ഡ്രൈവറായ സ്വദേശി പൗരന് തല്‍ക്ഷണം മരിച്ചു.
15ഓളം ആടുകളും വെന്തുമരിച്ചിരുന്നു. അപകടത്തില്‍ ട്രെയിലറും പൂര്‍ണമായും കത്തിനശിച്ചു. മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയില്‍ മോചനത്തിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കത്തിനശിച്ച ട്രെയ്ലറിന് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്പോണ്സര് കേസ് നല്‍കിയതാണ് ബിജുവിന്റെ മോചനം അനന്തമായി നീണ്ടുപോയത്. ഒടുവില്‍ കാത്തിരിപ്പിനു ശേഷം ബിജു ജയില്‍ മോചിതനായ സന്തോഷത്തിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."