ടീ കൗണ്ടി അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയതായി കലക്ടറുടെ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍
തൊടുപുഴ: കൊവിഡ് 19 വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരിക്കെ, രോഗിയായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിലെ സര്‍ക്കാര്‍ റിസോര്‍ട്ടായ ടീ കൗണ്ടിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.
ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിഴവ് ചൂണ്ടിക്കാട്ടിയത്. കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്നാണ് ബ്രിട്ടീഷ് വിനോദസഞ്ചാര സംഘം കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് രോഗിയായ 57കാരന്‍ അടങ്ങുന്ന 19 അംഗ ബ്രിട്ടീഷ് സംഘം ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ കടന്നത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയെങ്കിലും സംഭവത്തിലെ ഗുരുതര വീഴചയെച്ചൊല്ലി ആരോഗ്യ വകുപ്പും കെ.ടി.ഡി.സിയും പരസ്പരം പഴിചാരുന്നതിനിടയിലാണ് മുഖ്യമന്ത്രി കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് തേടിയത്.
വിദേശസംഘം പോയ കാര്യം ജില്ലാ ഭരണകൂടത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ റിസോര്‍ട്ട് മാനേജര്‍ അറിയിച്ചിരുന്നില്ല. നിരന്തരം സംഘത്തെ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും പുറത്തുപോകാന്‍ അനുവദിക്കരുതെന്നും അറിയിച്ചിട്ടും അതു ലംഘിച്ചു. റിസോര്‍ട്ട് മാനേജര്‍ ട്രാവല്‍ ഏജന്‍സിക്കു വേണ്ടി ഒത്താശ ചെയ്‌തെന്നും വിദേശികള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ റിസോര്‍ട്ട് ജീവനക്കാര്‍ക്കു വേണ്ട മാസ്‌കും സാനിറ്റൈസറും മാനേജര്‍ ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനേജര്‍ക്കെതിരേ വകുപ്പുതല നടപടി എടുക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പാലിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."