യു.എസ് വിസാ തട്ടിപ്പ്: വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി ഹോട്ട്‌ലൈന്‍ തുറന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ വിസാ തട്ടിപ്പില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശയവിനിമയ സംവിധാനം ഹോട്ട്‌ലൈന്‍ തുറന്നു.
സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ നില്‍ക്കാനായി വ്യാജ സ്ഥാപനത്തില്‍ ചേര്‍ന്നുവെന്നു കാണിച്ചാണ് യു.എസ് അധികൃതര്‍ 130 വിദേശികളെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ 129 പേരും ഇന്ത്യക്കാരായിരുന്നു. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ക്കായാണ് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം 24 മണിക്കൂര്‍ സേവനം ആരംഭിച്ചത്.
ടെക്‌സാസിലെ പ്രെയറിലാന്‍ഡ് തടങ്കല്‍കേന്ദ്രത്തിലാണ് വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ എംബസി ഉദ്യോഗസ്ഥര്‍ കേന്ദ്രത്തില്‍ ചെന്നുകണ്ടിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരിട്ട് എംബസിയില്‍ വിളിച്ച് ഇവരുമായി സംസാരിക്കാനാകും.
ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി എംബസി ഒരു നോഡല്‍ ഓഫിസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എംബസി ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
പണം നല്‍കി അമേരിക്കയില്‍ ജോലിചെയ്തു ജീവിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് 'പേ ആന്‍ഡ് സ്റ്റേ' എന്ന പേരില്‍ ഇന്ത്യക്കാരടങ്ങുന്ന വിസാ തട്ടിപ്പ് റാക്കറ്റ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്.
600ഓളം വിദ്യാര്‍ഥികള്‍ സംഘത്തിന്റെ തട്ടിപ്പിനിരയായതായാണ് യു.എസ് വൃത്തങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇതാദ്യമായാണ് ഇത്രയും വലിയൊരു സംഘം വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.എസില്‍ അറസ്റ്റിലാകുന്നത്.
കുടിയേറ്റ വിസാ തട്ടിപ്പ് പുറത്തുകൊണ്ടുവരാനായി യു.എസ് ആഭ്യന്തര സുരക്ഷാവകുപ്പ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരടക്കം ഏതാനും ഏജന്റുമാരെ പിടികൂടിയത്.
ഇവരെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖകളുമായി അമേരിക്കയില്‍ കഴിഞ്ഞ നൂറിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. ഗ്രേറ്റര്‍ ഡിട്രോയിറ്റിലെ ഫാര്‍മിങ്ടണ്‍ സര്‍വകലാശാല എന്ന വ്യാജരേഖ കാണിച്ചാണ് അന്വേഷണസംഘം വിസാതട്ടിപ്പ് റാക്കറ്റിനെ വലയിലാക്കിയത്.
സര്‍വകലാശാലയിലേക്കു വിദ്യാര്‍ഥികളുടെ അപേക്ഷ ക്ഷണിക്കുന്നുവെന്ന വ്യാജേന സംഘം ഏജന്റുമാരെ സമീപിക്കുകയായിരുന്നു.
സര്‍വകലാശാല വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."