മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ഗനിര്‍ദേശങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടക്കം മദ്യശാലകള്‍ അടിയന്തരമായി പൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്കൊഴിവാക്കാന്‍ അടിയന്തര നടപടി വേണം. കാര്‍ഷിക കടങ്ങള്‍ക്കടക്കം മൊറട്ടോറിയം അനുവദിക്കണം. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണം. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കണം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൈത്തറിത്തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശ്ശികയും ക്ഷേമനിധി, സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യണം. എട്ട്, ഒന്‍പത് ക്ലാസുകളില്‍ 20, 27, 30 തിയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കണം.
ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ മലയാളികളെയും തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."