മലപ്പുറം കേന്ദ്രീകരിച്ച് ബിറ്റ്കോയിന് തട്ടിപ്പ്
കാസര്‍കോട്: മലപ്പുറം കേന്ദ്രീകരിച്ച് വന്‍ ബിറ്റ്കോയിന് തട്ടിപ്പ് നടന്നതായി പരാതി. കാസര്‍കോട് ജില്ലയിലെ ഒട്ടനവധി ആളുകളും തട്ടിപ്പിനിരയായതായി സൂചന. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള് സ്വദേശി ഷുക്കൂര്‍ നാടകീയമായി മുങ്ങിയതോടെയാണ് ഇടപാടുകാര്‍ ആശങ്കയിലായത്. ബി.ടി. സി ബിറ്റ്സ് എന്ന പേരില്‍ കമ്പനി രൂപീകരിച്ച് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും ട്രേഡിങ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് മോഹിപ്പിക്കുകയും ചെയ്തതായും ഇടപാടുകാര്‍ പറയുന്നു.
തുടക്കത്തില്‍ ട്രേഡിങ് നടത്തി പലര്‍ക്കും മൂന്നിരട്ടി വരെ ലാഭവിഹിതം നല്കാന് തുടങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ഇതിലേക്ക് പണം നിക്ഷേപിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ 11,500 ഡോളറോളം മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്കോയിന് ഇപ്പോള്‍ 3,431 ഡോളറായി കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായതെന്നാണ് വിവരം. ബിറ്റ്കോയിന്റെ മൂല്യശോഷണം കാരണം കൃത്യമായ ലാഭവിഹിതം നല്കാന് കഴിയാതിരുന്നതോടെയാണ് ഷുക്കൂര്‍ നാട്ടില്‍ നിന്നും മുങ്ങിയതെന്നാണ് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. അതിനിടെ ഷുക്കൂറിന്റെ കാസര്‍ക്കോടുള്ള ബന്ധുവായ യുവാവിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മലപ്പുറത്തെ 50ഓളം പേര് കഴിഞ്ഞ ദിവസം ഇയാളുടെയും ഇയാളുടെ സുഹൃത്തുക്കളുടെയും വീട്ടിലെത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകം അറിഞ്ഞത്. സംഭവമറിഞ്ഞു കാസര്‍ക്കോട്ടെ യുവാവിന്റെ വീട്ടില്‍ പൊലിസും എത്തിയിരുന്നെങ്കിലും മലപ്പുറത്ത് നിന്നും വന്ന ആളുകള്‍ പരാതി നല്കാന് തയാറാകാതെ വന്നതോടെ പൊലിസ് കേസെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."