HOME
DETAILS
MAL
വിലക്കു ലംഘിച്ച് റിയാലിറ്റി ഷോ താരത്തിന് വിമാനത്താവളത്തില്‍ സ്വീകരണം, 79 പേര്‍ക്കെതിരേ കേസ്
backup
March 17 2020 | 05:03 AM
നെടുമ്പാശേരി: അതീവസുരക്ഷാ മേഖലയും കൊവിഡ്-19 ഭീഷണിയെ തുടര്‍ന്ന് കര്‍ശന നിയന്ത്രണമേര്‍പെടുത്തിയ ഇടവുമായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിലക്കുകള്‍ ലംഘിച്ച് സ്വകാര്യ ടി.വി ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ താരത്തിനു സ്വീകരണം നല്‍കിയവര്‍ക്കെതിരേ നെടുമ്പാശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ രജിത് കുമാറിനാണ് ആര്‍പ്പുവിളികളോടെ ആഭ്യന്തര ടെര്‍മിനലിനു പുറത്ത് സ്വീകരണം നല്‍കിയത്.
ഇയാളെ കൂടാതെ സ്വീകരണത്തിനു നേതൃത്വം നല്‍കിയ ഷിയാസ്, പരീക്കുട്ടി, റിബാസ് റഹ്മാന്‍, കരീം എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 74 പേര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ പിന്‍വാതിലൂടെ പുറത്തിറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കാത്തുനില്‍ക്കുന്ന ആരാധകരുടെ അടുത്തേക്കു പോകണമെന്ന് രജിത് കുമാര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
കേസില്‍പ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പ്പെടും. അതീവസുരക്ഷാ മേഖലയായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രകടനങ്ങള്‍ നടത്തുന്നത്തിനും മറ്റും കര്‍ശനമായ വിലക്കുണ്ട്.
പ്രമുഖ വ്യക്തികള്‍ക്കു സ്വീകരണം നല്‍കണമെങ്കില്‍ സിയാലിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. മാത്രമല്ല കൊവിഡ് പടരുന്നതു തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിലക്കുകള്‍ ലംഘിച്ചാണ് സ്വീകരണമൊരുക്കിയത്.
ഐ.പി.സി 143, 147, 149, 188, 283 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കൂട്ടംചേരല്‍, കലാപം സൃഷ്ടിക്കാന്‍ ശ്രമം, സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കല്‍, പൊതുമാര്‍ഗത്തിനു തടസം സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍, വിമാനത്താവളത്തിന് 500 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനം തുടങ്ങിയവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
സ്വീകരണം നല്‍കുന്ന വിവരം അവസാന നിമിഷം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നെടുമ്പാശേരി പൊലിസ് ഇതു കാര്യമായെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിലക്കു ലംഘിച്ച് ഇത്തരത്തില്‍ സ്വീകരണം നല്‍കിയതിനെതിരേ എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസും രംഗത്തെത്തി. വിമാനത്താവള പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കലക്ടര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു.
കേസില്‍ പ്രതികളായ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. ഒക്കല്‍ സ്വദേശി കല്ലൂര്‍ത്തറ വീട്ടില്‍ ഷെരീഫിന്റെ മകന്‍ മുഹമ്മദ് അഫ്‌സല്‍, ചേലാമറ്റം സ്വദേശി കുഞ്ഞാട്ടുകുന്നേല്‍ അബ്ദുള്‍ കരിമിന്റെ മകന്‍ നിബാസ് എന്നിവരെയാണ് നെടുമ്പാശേരി പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."