രവി പൂജാരി മൂന്നാം പ്രതി; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായ വിവരം പുറത്തുവന്നത്.
ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത അക്രമി സംഘത്തിലെ രണ്ടുപേരാണ് ഒന്നും രണ്ടും പ്രതികള്‍. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ നടി ലീന മരിയാ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയത്. അതേസമയം രവി പൂജാരി അറസ്റ്റിലായ വിവരം കര്‍ണാടക മുഖ്യമന്ത്രി സ്ഥിരീകരിച്ചു.
സെനഗല്‍ പൊലിസ് അഞ്ചു ദിവസത്തിനുള്ളില്‍ പൂജാരിയെ ഇന്ത്യക്ക് കൈമാറുമെന്നാണ് വിവരം. ഡല്‍ഹിയിലെത്തിച്ചാല്‍ അധികം വൈകാതെ കൊച്ചിയിലെത്തിച്ച് ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മൊഴിയെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
രവി പൂജാരിയുടെ പേരില്‍ ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തതും ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസാണ്. അതുകൊണ്ടുതന്നെ കാലതാമസം കൂടാതെ മൊഴിയെടുക്കാനാണ് പൊലിസ് നീക്കം. ബ്യൂട്ടിപാര്‍ലറിലേക്ക് വെടിയുതിര്‍ത്തതിന് പിന്നില്‍ കൊച്ചിയില്‍ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൂജാരിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലിസ് വിലയിരുത്തുന്നു. നേരത്തേ പ്രാദേശിക ബന്ധം രവി പൂജാരിക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിരുന്നു. പൂജാരിയെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകും.
അതേസമയം രവി പൂജാരി ഒളിവില്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഫ്രിക്കയായിരുന്നു പൂജാരിയുടെ ഇടത്താവളം. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ കുടുംബ സമേതമായിരുന്നു ജീവിതം. സെനഗല്‍, ഐവറി കോസ്റ്റ്, ഗിനിയ, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു.
ബുര്‍ക്കിനഫാസോയുടെ തലസ്ഥാനത്ത് നിന്നാണ് സെനഗല്‍ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ഇവിടെ ഇയാള്‍ ഒരു റസ്റ്ററന്റ് നടത്തിയിരുന്നതായും കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 19നായിരുന്നു സെനഗല്‍ പൊലിസ് അറസ്റ്റ് ചെയ്തതതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അറസ്റ്റ് വിവരം ഇന്ത്യന്‍ മാധ്യമങ്ങള്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."