ക്ഷേത്ര വഴിപാടിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍
കോഴിക്കോട്: തടസങ്ങള്‍ നീക്കാന്‍ ഗണപതി ഹോമവും കുടുംബ ഐശ്യര്യത്തിന് പൂജയും നടത്താനുള്ള രസീത് നല്‍കി വ്യാപക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. എറണാകുളം പനമ്പള്ളി നഗറിലെ പനമ്പള്ളി അപ്പാര്‍ട്ട്‌മെന്റ് 23303ലെ വി. രാമചന്ദ്രന്‍ (62) ആണ് അറസ്റ്റിലായത്. കോഴിക്കോട് പാളയത്ത് കസബ എസ്.ഐ വി. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗണപതി ഹോമം നടക്കുന്നുവെന്ന പേരില്‍ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു രാമചന്ദ്രന്‍ തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് തട്ടിപ്പിനെ കുറിച്ച് തളി ക്ഷേത്രസംരക്ഷണ സമിതി പൊലിസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സൈബര്‍ സെല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പാളയത്ത് ഉണ്ടെന്ന് വ്യക്തമാകുയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് തട്ടിപ്പിനായുള്ള രസീത് ബുക്ക് അടക്കം ഇയാളെ പിടികൂടുകയായിരുന്നു. പൊറ്റമ്മല്‍, തൊണ്ടയാട്, മാങ്കാവ്, ഈസ്റ്റ്ഹില്‍, ചാലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു രാമചന്ദ്രന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്താനുമെന്ന പേരിലുള്ള പൂജയുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലിസ് അറിയിച്ചു. ആയിരം മുതല്‍ 3,000 വരെയുള്ള രസീത് ബുക്കുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."