കാട്ടുതീ പ്രതിരോധം, ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു
കല്‍പ്പറ്റ: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വനം-വന്യജീവി വകുപ്പ് ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു.
എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, കെ.എന്‍.എ ഖാദര്‍, പി.കെ അബ്ദുറബ്ബ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് വനംമന്ത്രി കെ രാജു കഴിഞ്ഞ നാലിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം. സംസ്ഥാനത്തെ അഞ്ച് ടെറിറ്റോറിയല്‍ സര്‍ക്കിളുകളില്‍നിന്നും മൂന്നു വൈല്‍ഡ് ലൈഫ് സര്‍ക്കിളുകളില്‍നിന്നും ലഭിച്ച ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ ഏകീകരിച്ച് തയാറാക്കിയതാണ് ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍. കാട്ടുതീ പ്രതിരോധത്തിന് ഡിവിഷന്‍, റേഞ്ച് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈസിസ് മാനേജ്‌മെന്റ് പ്ലാനില്‍ പറയുന്നു. വനംവകുപ്പ് ആസ്ഥാനത്ത് ഫയര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ മുഖേന ലഭിക്കുന്ന ഫയര്‍ അലര്‍ട്ടുകള്‍ വനം വകുപ്പ് ആസ്ഥാനത്തെ ഫയര്‍ സെല്ലില്‍നിന്നു സര്‍ക്കിള്‍, ഡിവിഷന്‍തല കണ്‍ട്രോള്‍ റൂമുകളിലേക്കു നല്‍കി നടപടി സ്വീകരിച്ചുവെന്നു ഉറപ്പുവരുത്തുന്നുണ്ട്. കാട്ടുതീ ഉണ്ടാകുന്നതിനു തീവ്രസാധ്യതയുള്ള പ്രദേശങ്ങളില്‍ ഫയര്‍ ലൈന്‍ തീര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നുണ്ട്.
കാട്ടുതീ തടയുന്നതിനുള്ള മാര്‍ഗങ്ങളും അതിനാവശ്യമായും ഫണ്ട് സംബന്ധിച്ച വിവരവും ഉള്‍പ്പെടുത്തിയാണ് ഫയര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുന്നത്. വനത്തിലെ നീരുറവകള്‍ വറ്റുന്നതു തടയാനും ജലലഭ്യത ഉറപ്പാക്കാനും കുളങ്ങള്‍, തടയണകള്‍ എന്നിവ നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹികവിരുദ്ധര്‍ വനത്തില്‍ പ്രവേശിക്കുന്നതു തടയുന്നതിനു പട്രോളിങ് ശക്തമാക്കുകയും താല്‍ക്കാലിക വാച്ച് ടവര്‍ നിര്‍മിച്ചു നിരീക്ഷണം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. വനത്തില്‍ നര്‍ജലീകരണത്തിനു കാരണമാകുമെന്നു കരുതുന്ന അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ എകവിളത്തോട്ടങ്ങള്‍ മുറിച്ചുമാറ്റി പ്രകൃതിദത്ത വനമാക്കുന്നതിനു പദ്ധതി പ്രാവര്‍ത്തിമാക്കിവരികയാണെന്നും പ്ലാനില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."