ഡല്‍ഹിയില്‍ 50 പേരിലധികം കൂടുന്ന യോഗങ്ങള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടിച്ചേരലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. 50ലധികം പേര്‍ കൂടിച്ചേരുന്ന മത, രാഷ്ട്രീയ, സാംസ്‌കാരിക ചടങ്ങുകള്‍ ഉള്‍പ്പടെ എല്ലാ ചടങ്ങുകള്‍ക്കുമാണ് ഈ മാസം 31വരെ വിലക്കേര്‍പ്പെടുത്തിയത്. വിവാഹപ്പാര്‍ട്ടികള്‍ക്ക് തല്‍ക്കാലം ഇളവ് അനുവദിച്ചിട്ടുണ്ട്. വേണ്ടി വന്നാല്‍ അതിനും വിലക്കുണ്ടാകും.
ഡല്‍ഹിയിലെ ജിംനേഷ്യങ്ങള്‍, സ്പാകള്‍, നൈറ്റ് ക്ലബ്ബുകള്‍, തിയറ്ററുകള്‍ അടച്ചിടാനും ആഴ്ചച്ചന്തകള്‍ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരങ്ങള്‍ തുടര്‍ന്നാല്‍ നിയമത്തിന്റെ അടിസ്ഥാനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഉത്തരവ് ഷഹീന്‍ബാഗ് സമരക്കാര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.
അതേ സമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിലക്കിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കില്ലെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ വ്യക്തമാക്കി. പൗരത്വനിയമഭേദഗതി റദ്ദാക്കും വരെ സമരമെന്ന തങ്ങളുടെ നിലപാട് തുടരും.
സിനിമാ തിയറ്ററുകള്‍ അടച്ചിടുക, ഐ.പി.എല്‍ റദ്ദാക്കുക പോലുള്ള വിനോദപരിപാടികള്‍ നിരോധിക്കുന്നത് പോലെയല്ല സമരം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതെന്ന് ഷഹീന്‍ സമരക്കാരുടെ മീഡിയ കോര്‍ഡിനേറ്റര്‍ ഖാസി ഇമാദ് പറഞ്ഞു.
തങ്ങള്‍ ഈ രാജ്യത്ത് നിലനില്‍ക്കാനുള്ള സമരത്തിലാണ്. അല്ലാതെ വിനോദത്തിന് വന്നതല്ലെന്നും ഇമാദ് കൂട്ടിച്ചേര്‍ത്തു. സമരം നിര്‍ത്തുന്ന പ്രശ്‌നമില്ലെന്ന് സമരക്കാരുടെ നിയമ വിഭാഗത്തിലെ അംഗങ്ങളിലൊരാളായ അന്‍വര്‍ സിദ്ദീഖിയും പറഞ്ഞു. വൈറസിനെക്കാള്‍ പേടിക്കേണ്ടത് പൗരത്വനിയമഭേദഗതിയെയാണെന്നും സമരക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."