ഇസ്റാഈല്‍: ബെന്നി ഗാന്റ്സ് പ്രധാനമന്ത്രിയായേക്കും
ടെല്‍അവീവ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഇസ്റാഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്സ് അധികാരത്തിലേറാന്‍ സാധ്യതയേറി.
അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഗാന്റ്സിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നതിനാലാണിത്. ഒരു വര്‍ഷത്തിനിടെ നടന്ന മൂന്നാം പൊതു തെരഞ്ഞെടുപ്പിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ലിക്കുഡിന് 36 സീറ്റ് ലഭിച്ചപ്പോള്‍ 33 സീറ്റില്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി വിജയിച്ചിരുന്നു.
അതിനിടെ ഗാന്റ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുമെന്ന് പ്രസിഡന്റ് റുവാന്‍ റിവ്ലിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്റ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്ക്കുമെന്ന് പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റ് സഖ്യ നേതാവ് അയ്മന് ഒഡെ വ്യക്തമാക്കി. അതേസമയം, ഇവര്‍ സര്‍ക്കാരില്‍ ചേരില്ല. ഇന്നുവരെ ഒരു ഇസ്റാഈലി സര്‍ക്കാരും അറബ് പാര്‍ട്ടികളെ കൂടെ കൂട്ടിയിട്ടില്ല. ജോയിന്റ് ലിസ്റ്റ് സഖ്യത്തിന് 15 അംഗങ്ങളുണ്ട്. ഇവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഗാന്റ്സിന് 120 അംഗ പാര്‍ലമെന്റില്‍ 61 പേരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവും. ഏഴു സീറ്റില്‍ വിജയിച്ച ഇസ്റാഈല്‍ ബെയ്തിനു പാര്‍ട്ടി നേതാവ് അവിഗ്ദോര്‍ ലിബര്‍മാനും ഗാന്റ്സിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നെതന്യാഹു സര്‍ക്കാരിന്റെ നില പരുങ്ങലിലായി. ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ പ്രധാനമന്ത്രി പദത്തിലിരുന്നയാളായ നെതന്യാഹു അഞ്ചാം തവണയും അധികാരത്തിലേറി റെക്കോര്‍ഡ് നേടാനുള്ള തയാറെടുപ്പിലാണ്.
അതിനിടെ കൊവിഡിനെ നേരിടാന്‍ ഒരു അടിയന്തിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും സ്വന്തം നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മുന്‍ സൈനികമേധാവി കൂടിയായ ബെന്നി ഗാന്റ്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."