ആശങ്കയുമായി ഫിഞ്ചും വാര്‍ണറും
മെല്‍ബണ്‍: കൊവിഡ് വ്യാപനത്തിനെ പ്രതിരോധിക്കാനുള്ള ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നടപടികളില്‍ ആശങ്കയുമായി ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ചും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും രംഗത്ത്. കൊവിഡ് വ്യാപനം തടയുന്നതിനായി ഞായറാഴ്ച രാത്രി മുതല്‍ വിദേശത്ത് നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ ഈ പ്രസ്താവനക്കെതിരേയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഫിഞ്ച് ആശങ്ക പങ്കുവച്ചത്.
'രാജ്യത്ത് വരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു എന്ന് സര്‍ക്കാരിന് എങ്ങനെ അറിയാന്‍ സാധിക്കും' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. ഇതിനോടൊപ്പം 'ഞാനും ഈ വിഷയത്തില്‍ അത്ഭുതപ്പെട്ടു' എന്ന് കൂട്ടിച്ചേര്‍ത്താണ് ഫിഞ്ച് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്റെ അഭിപ്രായവുമായി ഡേവിഡ് വാര്‍ണറും രംഗത്തെത്തുകയായിരുന്നു. 'വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ നിന്നു സ്വദേശത്തെത്താന്‍ ഊബര്‍, ടാക്‌സി, ബസ്, ട്രെയിന്‍ എന്നിവ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്'എന്നായിരുന്നു ഓസീസ് ഓപ്പണറുടെ ട്വീറ്റ്.
കൊവിഡ് കാരണം ആസ്‌ത്രേലിയയില്‍ ഇതുവരെ മൂന്നുപേര്‍ മരിക്കുകയും 250 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കൊവിഡ് ഭീതി കാരണം ന്യൂസിലന്‍ഡിനെതിരേയുള്ള ആസ്‌ത്രേലിയന്‍ ടീമിന്റെ ഏകദിന പരമ്പര ആദ്യ മത്സരത്തിന് ശേഷം ഉപേക്ഷിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കങ്കാരുപ്പട വിജയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."