പാതയോരം പാഠശാലയാക്കി മിഥിലേഷ
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: പഠിക്കണമെന്നുള്ള മോഹം ഉള്ളിലുണ്ടെങ്കില്‍ പാതയോരവും പാഠശാലയാകും. മധ്യപ്രദേശില്‍ നിന്നുമെത്തിയ മിഥിലേഷയെന്ന ഒന്നാം ക്ലാസുകാരി അത് തെളിയിക്കുകയാണ്. റോഡ് പ്രവൃത്തിക്ക് എത്തിയതാണ് മിഥിലേഷയുടെ മാതാപിതാക്കളായ വിനുവും ലക്ഷ്മിയും. ഇവരുടെ തൊഴിലിനുസരിച്ചാണ് ഈ കുട്ടിയുടെ പഠനം. മധ്യപ്രദേശില്‍ സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും മാതാപിതാക്കള്‍ പലയിടങ്ങളില്‍ ജോലിക്കായി പോകുന്നത് കാരണം സ്‌കൂളില്‍ കൃത്യമായി പോകാന്‍ സാധിക്കാറില്ല.
ചന്തേരയില്‍ റോഡ് പ്രവൃത്തി നടക്കുമ്പോഴാണ് കുട്ടിയുടെ പഠന മോഹം ചിലര്‍ തിരിച്ചറിയുന്നത്. പാതയോരത്തെ തണലില്‍ പുസ്തകങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. കൗവ്വ, ഫൂല്‍,പേഡ്..... എന്നിങ്ങനെ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞെഴുതുന്നു. പുസ്തകസഞ്ചി തുറന്നപ്പോള്‍ നിറം നല്‍കി വച്ചിരിക്കുന്ന ചിത്രപുസ്തകങ്ങള്‍. പഠിക്കാന്‍ ഏറെ ഇഷ്ടമുള്ള ഈ മിടുക്കി എവിടെ പോകുമ്പോഴും തന്റെ പുസ്തക സഞ്ചി കൈയില്‍ കരുതും. മാതാപിതാക്കള്‍ തൊഴിലെടുക്കുമ്പോള്‍ എഴുതിയും വരച്ചും അവള്‍ അറിവിന്റെ വഴികളിലൂടെ സഞ്ചരിക്കും. മകളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ തൊഴിലെടുത്തില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല.
നാട്ടിലുള്ള സമയങ്ങളില്‍ മുടങ്ങാതെ സ്‌കൂളില്‍ പോകും. എന്നാല്‍ അവിടെ തൊഴിലവസരങ്ങള്‍ കുറവാണ്. നാട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ കുട്ടിയെ തനിച്ച് അവിടെ നിര്‍ത്തുകയും പ്രയാസം. അപ്പോള്‍ പഠിക്കുന്ന പാഠങ്ങളാണ് പിന്നീട് തൊഴിലിടങ്ങളില്‍ മിഥിലേഷ സ്വയം പഠിക്കുന്നത്.
ചിത്രരചനയില്‍ കുട്ടിക്ക് നല്ല കഴിവുണ്ടെന്ന് കൈയിലുള്ള ചിത്രപുസ്തകങ്ങള്‍ കണ്ടാല്‍ ആര്‍ക്കും മനസിലാകും. പഠിക്കാന്‍ കഴിവും ആഗ്രഹവുമുണ്ടായിട്ടും മാതാപിതാക്കളുടെ തൊഴിലിനെ ആശ്രയിച്ച് പഠനമോഹങ്ങള്‍ ഉള്ളില്‍ ഒതുക്കേണ്ടിവരുന്ന നിരവധി മറുനാടന്‍ കുട്ടികളുടെ പ്രതീകം കൂടിയാണ് മിഥിലേഷ. ഏതാനും മാസം കൂടി കാലിക്കടവ് മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പാതയോരത്തെ മരത്തണില്‍ സ്വയം പഠനത്തിന്റെ വഴിയിലായിരിക്കും മിഥിലേഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."