ഉറച്ച നിലപാടുള്ള ഉദ്യോഗസ്ഥര്‍ വേണം: ആക്ടിങ് ചീഫ് ജസ്റ്റിസ്
പേരൂര്‍ക്കട: ഭരണസംവിധാനം ഊര്‍ജിതമാകണമെങ്കില്‍ ഉറച്ച നിലപാടുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നും എന്നാല്‍ ഇത്തരക്കാര്‍ക്ക് വളരെയേറെ അധിക്ഷേപവും സഹിക്കേണ്ടി വന്നേക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍. ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തെ ശക്തപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചിലപ്പോള്‍ കുരയ്‌ക്കേണ്ടിയും മറ്റു ചിലപ്പോള്‍ കടിക്കേണ്ടിയും വരും. ഉദ്യോഗസ്ഥ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വല്ലപ്പോഴും സ്വയംവിശകലനം നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ജഡ്ജി വി. ഷെര്‍സി അധ്യക്ഷയായി. ഏഴ് പ്രധാന പദ്ധതികളാണ് ദേശീയ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ലീഗല്‍ സര്‍വീസ് സൊസറ്റിയുടെകൂടി സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്. കലക്ടര്‍ ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി കെ. സത്യന്‍, സബ് ജഡ്ജി ബി. പ്രഭാത്കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍, മാനസികരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.എന്‍ ജയശ്രീ, സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി ഡി. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."