ഖത്തറില്‍ കൊറോണ രോഗം ബാധിച്ച നിരവധി പേര്‍ സുഖം പ്രാപിച്ചു വരുന്നു
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ സുഖം പ്രാപിച്ചുവരുന്നു. ഇവരുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
സുഖംപ്രാപിച്ച നാല്‌പേരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ സുഖംപ്രാപിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. രോഗം ഭേദമായവരോട് ഏതാനും ദിവസംകൂടി വീട്ടില്‍ തങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്വാരന്റൈനിലുള്ള നിരവധി പേരുടെ ഫലം നെഗറ്റീവാണ്. ഇതോട് കൂടി വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം കുറയും. വരുന്ന രണ്ടാഴ്ച്ചത്തേക്ക് ആര്‍ക്കും ഖത്തറിലേക്ക് വരാന്‍ സാധിക്കില്ലെന്നതിനാല്‍ ക്വാറന്റൈനിലുള്ളവരുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വരുംദിവസങ്ങളില്‍ വലിയ വര്‍ധന ഉണ്ടാവാനിടയില്ല. ഇപ്പോള്‍ എണ്ണം കൂടാന്‍ കാരണം രോഗം കാര്യമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നെത്തിവരുടെ ഫലം പുറത്തുവരുന്നത് കൊണ്ടാണ്. അവരുടെ പരിശോധന അന്തിമഘട്ടത്തിലേലേക്ക് കടക്കുകയാണെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഇത്തരം രാജ്യങ്ങളില്‍ നിന്ന് ക്വാരന്റൈന്‍ ചെയ്തവരില്‍ നിരവധി പേരുടെ പരിശോധന ഒറ്റ ദിവസമാണ് നടത്തിയത്. അതുകൊണ്ടാണ് ഒറ്റദിവസം തന്നെ 238 പേരുടെ വിവരങ്ങള്‍ പ്രഖ്യാപിക്കേണ്ടി വന്നത്. വരും ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്താല്‍ തന്നെ അത് രണ്ടക്കത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
അടുത്ത രണ്ടാഴ്്ച്ച വളരെ നിര്‍ണായകമാണ്. ഞായറാഴ്ച്ച പ്രഖ്യാപിച്ച കടുത്ത നടപടികളിലൂടെ രോഗവ്യാപനം വലിയ തോതില്‍ തടയാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ഖത്തറിലെ രോഗികളില്‍ കണ്ടെത്തിയ വൈറസ് വുഹാനിലെ അപേക്ഷിച്ച് താരതമ്യേന തീവ്രത കുറഞ്ഞവയായിരുന്നുവെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിനകത്ത് ആദ്യം മൂന്ന് രോഗബാധിതരെ കണ്ടെത്തിയത് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആയിരുന്നു. ഇവര്‍ ജോലി ചെയ്ത മാര്‍ക്കറ്റിലും താമസ സ്ഥലത്തും ചെന്ന് ഇവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി. സാധാരണ തൊഴിലാളികളും ഇടതിങ്ങി താമസിക്കുന്നവരും ആയിരുന്നതിനാല്‍ നൂറുകണക്കിന് ആളുകളെ ക്വാരന്റൈന്‍ ചെയ്യേണ്ടിവന്നു. ഇതില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."