ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കണം: കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: കൊറോണ വൈറസ് തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. മുറികള്‍ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ നല്‍കുകയും ചെയ്യണം. ലിഫ്റ്റ് നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കണം. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. വ്യക്തികള്‍ തമ്മില്‍ നിശ്ചിത അകലം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വിദേശത്തു നിന്നു വരുന്നവരുടെ വിശദാംശങ്ങള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ളവരെ യാതൊരു കാരണവശാലും മുറിയില്‍ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കരുത്. നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാവാതിരിക്കുകയോ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുകയോ ചെയ്താല്‍ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണം. വിദേശത്തു നിന്നും വരുന്ന ഒരു വ്യക്തിയുടെ യാത്രാ ചരിത്രം എടുക്കുകയും ഉച്ചയ്ക്ക് 12 ന് മുന്‍പായി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."