കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം പൊളിച്ചുമാറ്റിയ സ്ലാബുകള്‍ വഴിമുടക്കുന്നു
കോഴിക്കോട്: കാല്‍നട യാത്രക്കാരെ ദുരിതത്തിലാഴ്ത്തി പൊളിച്ചു മാറ്റിയ നടപ്പാതയിലെ സ്ലാബുകള്‍ പുനസ്ഥാപിക്കാന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കോട്ടപറമ്പ് ആശുപത്രിക്ക് മുന്‍വശത്തുള്ള നടപ്പാതയിലെ സ്ലാബുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി കോര്‍പറേഷന്‍ പൊളിച്ചുമാറ്റിയിട്ടിരിക്കുന്നത്.
അഴുക്കുചാലിലെ ബ്ലോക്ക് പരിഹരിക്കാനാണ് സ്ലാബ് നീക്കിയത്. എന്നാല്‍ ബ്ലോക്ക് നീക്കിയതിനു ശേഷവും സ്ലാബ് പുനസ്ഥാപിക്കാത്തത് അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. സ്ലാബ് നീക്കിയതു കാരണം സമീപത്തെ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. പൊളിച്ചിട്ട ഭാഗത്തെ കടയിലേക്ക് ആളുകള്‍ക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
അതിനാല്‍ ആറു ദിവസത്തോളം കട അടച്ചിടേണ്ടി വന്നതായി സമീപത്തെ മൊബൈല്‍ ഷോപ്പ് കടയുടമ മുന്‍സീര്‍ പറയുന്നു. താല്‍ക്കാലികമായി മരത്തടിയിട്ടാണ് കടയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്. പല തവണ കോര്‍പറേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ആയില്ലെന്നും ഇദ്ദേഹം പറയുന്നു. പാളയം മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, മിഠായിത്തെരുവ്, കോട്ടപറമ്പ് ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. ആശുപത്രിയിലേക്കു വരുന്ന ഗര്‍ഭിണികളടക്കം നിരവധി പേരാണ് ദിവസവും ഇതിലേ കടന്നു പോകുന്നത്. എത്രയും പെട്ടന്ന് സ്ലാബ് പുനസ്ഥാപിക്കണമെന്നും ഇവര്‍ പറയുന്നു. നഗരത്തിലെ മിക്കയിടങ്ങളിലും തകര്‍ന്ന നടപ്പാതകള്‍ വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."