കൊവിഡ് ഭീതി: ഒരാഴ്ചയ്ക്കിടെ റദ്ദാക്കിയത് ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ അന്താരാഷ്ട്ര സര്‍വിസുകള്‍
കൊണ്ടോട്ടി: കൊവിഡ് -19 ഭീതിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങള്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ പകുതിയിലേറെ കട്ടപ്പുറത്ത്. 1994-ല്‍ പ്ലേഗ് പടര്‍ന്നതിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെ ഇന്ത്യന്‍ വ്യോമയാന പാത അടച്ചിട്ടിരുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം വീണ്ടും സമാന സാഹചര്യമാണ് കൊവിഡ് മൂലം ഉണ്ടാകുന്നതെന്ന് വിമാന കമ്പനി അധികൃതര്‍ പറയുന്നു. ഒരാഴ്ചക്കിടെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സെക്ടറില്‍ നിര്‍ത്തിയത് അഞ്ഞൂറിലേറെ വിമാന സര്‍വിസുകളാണ്.
കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയാണ് ഇന്ത്യയിലേക്കുള്ള സര്‍വിസുകള്‍ ആദ്യം നിര്‍ത്തിയത്. തൊട്ടുപിറകെ ഹോങ്കോങ്ങിലേക്കുള്ള സര്‍വിസുകളും നിര്‍ത്തി. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ഇന്ത്യ, എയര്‍ ചൈന, ചൈന എയര്‍ തുടങ്ങിയ സര്‍വിസുകളാണ് ഈ മാസം ആദ്യം നിര്‍ത്തിയത്. പിന്നീട് ഇറ്റലി, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള അലിറ്റാലിയ എയര്‍ലൈന്‍സ്, കാത്തേ പസഫിക് സര്‍വിസുകളും നിര്‍ത്തി.
കൊവിഡ് ഗള്‍ഫ് രാജ്യങ്ങളിലും എത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വിസുകളുടെ നട്ടെല്ലിനെയാണ് ഇത് ബാധിച്ചത്. കുവൈത്ത്, ഖത്തര്‍ സര്‍വിസുകളും സഊദി അറേബ്യയിലേക്ക് യു.എ.ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കണക്ഷന്‍ സര്‍വിസുകളും നിര്‍ത്തി. ഇത് ഇന്ത്യയില്‍ നിന്ന് സര്‍വിസ് നടത്തിയിരുന്ന വിമാന കമ്പനികളെയാണ് വെട്ടിലാക്കിയത്. ആദ്യം സര്‍വിസുകള്‍ വെട്ടിച്ചുരുക്കിയ വിമാന കമ്പനികള്‍ക്ക് പിന്നീട് പൂര്‍ണമായും നിര്‍ത്തേണ്ടി വന്നു.
സഊദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം സെക്ടറുകള്‍ നിര്‍ത്തിയതോടെ ഇന്ത്യയില്‍ നിന്നുളള 200ഓളം സര്‍വിസുകളാണ് ഒറ്റയടിക്ക് നിലച്ചത്. കരിപ്പൂര്‍, നെടുമ്പാശേരി ഉള്‍പ്പടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് 67 സര്‍വിസുകളാണ് ആഴ്ചയില്‍ സഊദി എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് ദിനേന കേരളത്തില്‍ നിന്ന് ദോഹ, സഊദി, കുവൈത്ത് സെക്ടറുകളിലേക്കുള്ള സര്‍വിസുകളും പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. ഇറ്റലി ഒഴികെയുളള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്ന് നിലവില്‍ വിദേശ സര്‍വിസുകളുള്ളത്.
വേനലവധി മുന്‍നിര്‍ത്തിയുള്ള തിരക്കിനടയിലാണ് കൊവിഡ് പ്രതിസന്ധി വിമാനക്കമ്പനികള്‍ക്ക് ദിനേന കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. യാത്രാ പ്രതിസന്ധി എന്ന് തീരുമെന്ന് അറിയാത്തതിനാല്‍ ഇന്ത്യന്‍, വിദേശ കമ്പനികളുടെ വിമാനങ്ങളാണ് കട്ടപ്പുറത്തു കിടക്കുന്നത്. ഇന്ത്യന്‍ വ്യോമയാന പാതയില്‍ പകുതിയിലേറെ സര്‍വിസുകള്‍ നിര്‍ത്തിയപ്പോള്‍ കേരളത്തില്‍ 75 ശതമാനത്തിലേറെ സര്‍വിസുകളാണ് നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."