ദുരന്തനിവാരണ മാസ്റ്റര്‍പ്ലാന്‍ 28നകം തയാറാക്കും
കല്‍പ്പറ്റ: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഫെബ്രുവരി 28നകം ദുരന്തനിവാരണ മാസ്റ്റര്‍പ്ലാന്‍ തയാറാക്കും.
ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം. പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിശ്ചിത മാതൃകയിലുള്ള ചോദ്യാവലി നല്‍കിയിട്ടുണ്ട്. വിവരശേഖരണം നടത്തി ചോദ്യാവലി ഫെബ്രുവരി 11നകം തിരികെ കൈമാറണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നിശ്ചിത മാതൃകയില്‍ തന്നെയാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കേണ്ടത്. 18നകം കരട് പ്ലാന്‍ തയാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം തേടണം. തുടര്‍ന്ന് 28നകം പഞ്ചായത്ത് തലത്തില്‍ അംഗീകാരം നേടണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാതലത്തില്‍ തയാറാക്കിയ ദുരന്തനിവാരണ മാസ്റ്റര്‍പ്ലാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് വിട്ടുപോയ കാര്യങ്ങളുണ്ടെങ്കില്‍ ഫെബ്രുവരി 10നകം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."