രജിത് കുമാര്‍ അടക്കം 14 പേര് പിടിയില്‍
നെടുമ്പാശേരി: കൊവിഡ് ഭീതിക്കിടെ വിമാനത്താവളത്തില്‍ സുരക്ഷാ വിലക്കുകള്‍ ലംഘിച്ച് റിയാലിറ്റി ഷോ താരം രജിത്കുമാറിന് സ്വീകരണം നല്കിയ കേസില്‍ 14 പ്രതികള്‍ നെടുമ്പാശേരി പൊലിസിന്റെ പിടിയിലായി. ഒന്നാം പ്രതി രജിത് കുമാറിനെ കൂടാതെ വി. വിപിന്‍, അനില്‍കുമാര്‍, സോബി തോമസ്, കെ. സി. വിനു, ക്രിസ്റ്റി ജോണ്സണ്, കിരണ്‍ ജോണ്സണ്, രാഗേഷ്, വൈശാഖ്, നിഖേഷ്, അന്‍വര്‍, പരീക്കുട്ടി എന്നിവരാണ് പിടിയിലായത്.
ഒക്കല്‍ സ്വദേശി മുഹമ്മദ് അഫ്സല് , ചേലാമറ്റം സ്വദേശി നിബാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ രജിത്കുമാറിനെ ആറ്റിങ്ങലിലെ വസതിയില്‍ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇയാളെ ആലുവയിലുള്ള എറണാകുളം റൂറല്‍ എസ്.പി ഓഫിസില്‍ എത്തിക്കുകയായിരുന്നു. കാലടിയിലെ പ്രശസ്തമായ കോളജിലെ അധ്യാപകന് കൂടിയാണ് ഇയാള്‍. ഇയാളുടെ പ്രേരണ പ്രകാരമാണ് വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലിസിന് ലഭ്യമായ വിവരം. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടത്തുന്നത്. രജിത്കുമാര്‍ അടക്കം 79 പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍പ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പ്പെടും. രജിത്കുമാര്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശേരിയില്‍ എത്തിയപ്പോഴായിരുന്നു വിമാനത്താവളത്തില്‍ വിലക്ക് ലംഘിച്ച് സ്വീകരണം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."