മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കം; കുത്തേറ്റയാള്‍ മരിച്ചു
കുറ്റ്യാടി: മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റയാള്‍ മരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് കാവിലുംപാറ എസ്റ്റേറ്റ് ശാഖാ സെക്രട്ടറി എടച്ചേരിക്കണ്ടി അന്‍സാറാണ് (29) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ തൊട്ടില്‍പ്പാലത്തുവച്ചാണ് അന്‍സാറിന് കുത്തേറ്റത്. യൂത്ത്‌ലീഗ് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബുദ്ദീനും മരിച്ച അന്‍സാറും ഇവരുടെ അയല്‍വാസിയായ കുറ്റിക്കാട്ടില്‍ അമ്മദ് ഹാജിയുടെ ഭാര്യയുമായും നിലനിന്ന പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തിങ്കളാഴ്ച ലീഗ് ഓഫിസില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
എന്നാല്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞതിനുശേഷം പുറത്തിറങ്ങിയ അമ്മദ്ഹാജിയുടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞമ്മദ് എന്നയാള്‍ അന്‍സാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അമ്മദ്ഹാജി ഭാര്യ ജമീലയുടെ കൈവശം ബാഗില്‍ സൂക്ഷിച്ച കത്തി വാങ്ങുകയും അന്‍സാറിനെ കുത്തുകയുമായിരുന്നു.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലോടെ മരിച്ചു. അമ്മദ്ഹാജിയെ സംഭവസ്ഥലത്തുവച്ചും ജമീലയെ വൈകിട്ടോടെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കുറ്റ്യാടിയില്‍ ഓട്ടോ തൊഴിലാളിയായ അന്‍സാര്‍ എസ്.ടി.യു യൂനിറ്റ് സെക്രട്ടറി കൂടിയാണ്. പിതാവ്: എടച്ചേരിക്കണ്ടി ആലി. മാതാവ്: ജമീല. ഭാര്യ: സൈഫുന്നിസ. രണ്ടുവയസുള്ള ഐസ ഫാത്തിമ ഏക മകളാണ്. സഹോദരന്‍: അന്‍സല്‍. തൊട്ടില്‍പ്പാലം സി.ഐ ജേക്കബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കുണ്ടുതോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."