പൗരത്വപ്പട്ടിക ഒഴിവാക്കാനാവാത്തതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വപ്പട്ടിക തയാറാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് പൗരത്വപ്പട്ടിക തയാറാക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നത്. പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് ഹരജിയില്‍ പറഞ്ഞിട്ടില്ലെങ്കിലും അത് നടപ്പാക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് നിരത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് താമസിക്കുന്ന പൗരന്മാരെയും അല്ലാത്തവരെയും കണ്ടെത്തല്‍ അനിവാര്യമാണെന്ന് ഹരജി പറയുന്നു. പൗരന്മാര്‍, നിയമവിരുദ്ധമായി കുടിയേറിയവര്‍, വിസയില്‍ വന്ന വിദേശികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് രാജ്യത്തുള്ളത്.
ഇക്കൂട്ടത്തില്‍ നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്തലും ഫോറിനേഴ്‌സ് നിയമം, 1920ലെ പാസ്‌പോര്‍ട്ട് നിയമം, 1955ലെ നിയമവിരുദ്ധ കുടിയേറ്റം തടയല്‍ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കലും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരുടെ പട്ടിക സൂക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഇതിനായി നിയമം കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനുള്ളതാണ്. അത് കോടതിക്ക് ചോദ്യംചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."