മഞ്ചേരിയിലെ ഗതാഗത പരിഷ്‌കരണത്തില്‍ വീണ്ടും 'കല്ലുകടി'
മഞ്ചേരി: നഗരത്തില്‍ നാളെ മുതല്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരത്തിനെതിരേ വീണ്ടും പ്രതിഷേധം. നാറ്റ്പാക് റിപ്പോര്‍ട്ടിനെതിരേ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നു നഗരസഭ, സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, ടൗണ്‍ വികസന സമിതി, സ്‌കൂള്‍ പി.ടി.എ, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പെട്ടവരില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസം ചേര്‍ന്ന ചേര്‍ന്ന ആര്‍.ടി.എ യോഗത്തിലാണ് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഇതിനെതിരേയും പ്രതിഷേധമുയര്‍ന്നതു വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പുതിയ പരിഷ്‌കാരം ബസുകളെ രണ്ടു തട്ടിലാക്കുന്നതാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ചു കോഴിക്കോട്, കൊണ്ടോട്ടി ബസുകള്‍ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിന്‍നിന്നാണ് പുറപ്പെടേണ്ടത്. മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ബസുകള്‍ നഗരത്തില്‍ പ്രവേശിക്കില്ല. തുറക്കല്‍ ബൈപാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലേക്കു പോകും.
എന്നാല്‍, നിലമ്പൂര്‍, വണ്ടൂര്‍, പാണ്ടിക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസുകള്‍ സീതിഹാജി ബസ് സ്റ്റാന്‍ഡിലെത്തിയ ശേഷം പഴയ ബസ് സ്റ്റാന്‍ഡ്, മലപ്പുറം റോഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലേക്കു പ്രവേശിക്കണം. ഇതാണ് ബസുകളെ രണ്ടു തട്ടിലാക്കുന്നതാണെന്ന ആക്ഷേപമുയരാന്‍ കാരണം. ചില കോഴിക്കോട് ബസുകള്‍ ടൗണില്‍ പ്രവേശിക്കുമ്പോള്‍ അതേ റൂട്ടിലോടുന്ന ഇരുപതോളം ബസുകള്‍ക്കു നഗരത്തിലേക്കു പ്രവേശനമില്ലെന്നത് അംഗീകരിക്കാനാകില്ലെന്നു ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
പുതിയ പരിഷ്‌കാരം ബസുകളോട് ചെയ്യുന്ന അനീതിയാണെന്നു ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുര്‍റഹിമാന്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം നാറ്റ്പാക് തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.
എന്നാല്‍, നാറ്റ്പാക്ക് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. മറ്റു നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. നഗരത്തിലെ ട്രാഫിക് സംവിധാനത്തിനെതിരേ ഒട്ടേറെ പ്രതിഷേധവും കോടതി നടപടികളുമുണ്ടായതോടെയാണ് ശാശ്വത പരിഹാരമെന്ന നിലയില്‍ 1.75 ലക്ഷം രൂപ മുടക്കി നഗരസഭ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."