കനത്ത ജാഗ്രത വേണം, മുന്‍കരുതലും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 രോഗബാധ ഉദ്ദേശിക്കാത്ത തരത്തില്‍ വ്യാപിക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രതയും വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വളരെ വേഗം ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൊവിഡ്-19 ബാധിച്ചിരുന്ന രാജ്യങ്ങള്‍ തിങ്കളാഴ്ച 146 ആയിരുന്നത് ഇന്നലെ 152 രാജ്യങ്ങളായിട്ടുണ്ട്.
നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകരുത്. പലയിടത്തും ജാഗ്രതക്കുറവ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എല്ലാവരും സര്‍ക്കാരിന്റെ പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. ഒരാള്‍ എടുക്കുന്ന കരുതല്‍ സമൂഹത്തിന് ഗുണകരമാകും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയമാണ്. അക്കാര്യത്തില്‍ നല്ല ജാഗ്രത പാലിക്കണം. പത്രം, പാല്‍ വിതരണക്കാര്‍ അവരൊക്കെ നല്ല രീതിയില്‍ പ്രോട്ടോക്കോള്‍ പാലിക്കണം. മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരും സുരക്ഷാ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ പോലുള്ള സ്ഥാപനം നടത്തുന്നവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം. വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുമ്പോള്‍ എല്ലാവരെയും അതിന്റെ ഭാഗമാക്കണം. ഇവിടെ കഴിയുന്ന വിദേശികള്‍ രോഗമില്ലാത്തവരാണെങ്കില്‍ തിരിച്ചുപോകാന്‍ മറ്റ് തടസങ്ങളുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."