ഡല്‍ഹി വംശഹത്യ, ആര്‍.എസ്.എസ് കൊല്ലാന്‍ ശ്രമിച്ച പ്രേംകാന്തിന് മുസ്‌ലിം ലീഗിന്റെ ധനസഹായം
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കിടെ മുസ്‌ലിംകളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ആര്‍.എസ്.എസുകാര്‍ തീയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച ശിവ് വിഹാറിലെ പ്രേംകാന്ത് ഭഗേലിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. അയല്‍വാസികളായ ആറ് മുസ്്‌ലിംകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രേംകാന്തിനെ സംഘ്പരിവാര്‍ ഭീകരര്‍ തീയിലേക്ക് തള്ളിയിട്ടത്. എഴുപത് ശതമാനം പൊള്ളലേറ്റ് ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രേംകാന്ത് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം പ്രേംകാന്തിന്റെ ശിവ് വിഹാറിലെ വീട്ടിലെത്തി ധനസഹായം കൈമാറി. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍.എ കരീം, പി.പി ജിഹാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രേംകാന്തിന്റെ വീട്ടിലെത്തിയത്.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് പ്രേംകാന്തിന്റെ ഗ്രാമം. ശിവ് വിഹാറില്‍ ജ്യേഷ്ഠസഹോദരന്മാരോടൊപ്പം താമസിക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് ഓട്ടം നിറുത്തി താന്‍ ഓടിക്കുന്ന ടാക്‌സിയുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു. കത്തിയാളുന്ന ഒരു കെട്ടിടത്തിനുള്ളില്‍ അയല്‍വാസികളായ സ്ത്രീകളടക്കം ഏഴോളം പേരെ കണ്ടതോടെ അവരെ രക്ഷിക്കാന്‍ ചാടിപ്പുറപ്പെടുകയായിരുന്നു. അവരെ പുറത്തെത്തിക്കുന്നതിനിടെ അക്രമികള്‍ പ്രേംകാന്തിനെയും തീയിലേക്ക് തള്ളിയിട്ടു. ഓര്‍മ തിരിച്ചുവരുമ്പോള്‍ ദേഹമാകെ പൊള്ളിയിരുന്നു. പക്ഷേ അവരൊക്കെ രക്ഷപ്പെട്ടത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് പ്രേംകാന്ത് പറഞ്ഞു. നന്നെ ചെറിയ പ്രായത്തില്‍ വലിയ സന്ദേശമാണ് ഈ ചെറുപ്പക്കാരന്‍ നല്‍കിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തുടര്‍ ചികിത്സക്കാവശ്യമായ എല്ലാ പിന്തുണയും മുസ്‌ലിം ലീഗ് നല്‍കുമെന്നറിയിച്ചാണ് നേതാക്കള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."