തീരദേശ സംഘര്‍ഷം; വിദേശത്തേക്ക് കടന്നവര്‍ക്കെതിരേ ലുക്ഔട്ട് നോട്ടിസുമായി പൊലിസ്
തിരൂര്‍: തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍പെട്ട് വിദേശത്തേക്കു കടന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി പൊലിസ്. പ്രതികള്‍ക്കെതിരേ ലുക്ഔട്ട് സര്‍ക്കുലര്‍ (എല്‍.ഒ.സി) പുറപ്പെടുവിച്ചാണ് നടപടി തുടങ്ങിയത്. നിരവധി ക്രമിനല്‍ കേസുകളടക്കം ചുമത്തപ്പെട്ട പ്രതികള്‍ക്കെതിരേയാണ് നടപടി.
ആദ്യഘട്ടത്തില്‍ 10 പേര്‍ക്കെതിരേ ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതായി പൊലിസ് പറഞ്ഞു. തീരദേശത്തെ മുഴുവന്‍ സംഘര്‍ഷ കേസുകളിലെയും പ്രതികള്‍ക്കെതിരേ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ഇവര്‍ക്കായി വലവിരിക്കാനാണ് തീരുമാനം. കൂട്ടായി, പറവണ്ണ, ഉണ്ണിയാല്‍, താനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ പൂര്‍ണമായും ഇല്ലാതാക്കുകയാണ് നടപടിയിലൂടെ പൊലിസ് ലക്ഷ്യമിടുന്നത്. പലപ്പോഴും നിസാര സംഭവങ്ങളും വാക്കുതര്‍ക്കങ്ങളും വലിയ സംഘര്‍ഷങ്ങളിലേക്കു വഴിമാറുകയാണ്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ ഉന്നതതല രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവച്ച സമാധാന ശ്രമങ്ങള്‍ പൊലിസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. സമാധാന ശ്രമങ്ങള്‍ നിലനില്‍ക്കെ സംഘര്‍ഷം അഴിച്ചുവിടുന്നവരെ പിന്തുണയ്ക്കരുതെന്നും ഒറ്റപ്പെടുത്തണമെന്നുമായിരുന്നു മുസ്‌ലിം ലീഗ്, സി.പി.എം കക്ഷികള്‍ അടങ്ങുന്ന സമാധാന കമ്മിറ്റിയിലെ തീരുമാനം.
പത്തു മാസത്തോളമായി തീരദേശത്തു സമാധാന ശ്രമങ്ങള്‍ വിവിധ സമാധാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഗണ്യമായ കുറവുണ്ടായതായി പൊലിസ് പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ കാലങ്ങളിലെ പല കേസുകളിലും പ്രതികളെ പിടികൂടാനാകാത്തതു പൊലിസിനു തലവേദനയായിരിക്കുകയാണ.് ഈ സാഹചര്യത്തിലാണ് തീരദേശത്തെ പ്രധാന സംഘര്‍ഷ കേസുകളില്‍ പൊലിസ് ലുക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതിയില്‍നിന്ന് വാറന്‍ഡ് വരുന്നതിനുസരിച്ചു കേസിന്റെ ഗൗരവം പരിഗണിച്ചാണ് ലുക്ഔട്ട് നോട്ടിസ് അയക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നത്. ആദ്യം സ്റ്റേഷനില്‍നിന്നു നോട്ടിസ് തയാറാക്കിയ ശേഷം ജില്ലാ പൊലിസ് മേധാവി മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കും.
പിന്നീട് കേന്ദ്ര മന്ത്രാലയം ലുക്ഔട്ട് സര്‍ക്കുലറിന്റെ ഓര്‍ഡര്‍ പുറപ്പെടുവിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കും അയക്കും. ഒരു മാസം മുതല്‍ രണ്ടര മാസം വരെയാണ് ഈ നടപടിക്രമത്തിനു വേണ്ടത്. തീരദേശ സംഘര്‍ഷ കേസുകളില്‍ 10 പേരില്‍ അഞ്ചു പേര്‍ക്കെതിരേയുള്ള ലുക്ഔട്ട് സര്‍ക്കുലര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."