ചാക്ക് രാഷ്ട്രീയത്തിന്റെ അടിവേരുകള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദുര്‍ബലാവസ്ഥ കൊട്ടാര മോഹികളുടെ ഫ്യൂഡല്‍ താല്‍പര്യങ്ങളാണ് രൂപപ്പെടുത്തിയത്. അയല്‍പക്ക രാഷ്ട്രമായ പാകിസ്താനില്‍ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് പട്ടാള അട്ടിമറി അടിക്കടിയുണ്ടായെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന് ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും സാമ്പ്രദായിക തെരഞ്ഞെടുപ്പുകള്‍ മുടക്കം കൂടാതെ നടത്താന്‍ സാധ്യമായി. എന്നാല്‍ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും സാധ്യമായതുമില്ല. രാജഭരണത്തിലെ ആര്‍ഭാടമാണ് ജനാധിപത്യ അധികാരികള്‍ സ്വായത്തമാക്കിയത്. രാജ്യം കൊവിഡ് മഹാമാരിയുടെ പിടിയില്‍ ശ്വാസംകിട്ടാതെ നെട്ടോട്ടമോടിയപ്പോഴും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പൊലിസ് ഉള്‍പ്പെടെ പരിവാരസമേതം പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിപൊടിച്ചു ഉല്ലാസയാത്ര നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയം അടിസ്ഥാനപരമായി അപചയം നേരിടുന്നു എന്നതിന്റെ വസ്തുനിഷ്ഠ ഉദാഹരണം കൂടിയാണ്.
ഇന്ത്യയുടെ ഉരുക്കുവനിത ശ്രീമതി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്ന പേര് പരിചയസമ്പന്നനായ പ്രണബ് കുമാര്‍ മുഖര്‍ജിയുടേതായിരുന്നു. അടുക്കള രാഷ്ട്രീയമെന്ന തിരുത്തപ്പെടാനാകാത്ത അകത്തള നീക്കങ്ങള്‍ക്കൊടുവില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. അധികാര സ്ഥാനത്ത് അദ്ദേഹം പരാജയമായിരുന്നില്ല. എന്നാല്‍ ശിലാന്യാസം ഉള്‍പ്പെടെയുള്ളവയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടാന്‍ സാഹചര്യം ഒരുങ്ങി. മതന്യൂനപക്ഷങ്ങള്‍ ബദല്‍ തേടി ചിന്നഭിന്നമായി. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം മുതലെടുത്തു. അധികാരം എന്ന അത്യന്തിക ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം വഴിവിട്ടതായി. രാഷ്ട്രീയ ധര്‍മ്മം, മൂല്യം, പ്രത്യയശാസ്ത്ര പ്രതിബദ്ധത ചരമമടഞ്ഞു തുടങ്ങി. ഹ്രസ്വകാല ലാഭ വിചാരം ദീര്‍ഘകാല വിനാശത്തിന് വിത്തുപാകി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര വിശ്വാസ്യതയും സഹകരണ മനോഭാവവും പരസ്പരം ഇല്ലാതായി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റ് സമീപനങ്ങള്‍ക്ക് വഴങ്ങി. മിതവാദികള്‍ ഒറ്റപ്പെട്ടു. തീവ്ര വര്‍ഗ്ഗീയ, പ്രാദേശിക ഗ്രൂപ്പുകളുമായി സന്ധി ചെയ്തു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മഹത്വം ബലികഴിക്കപ്പെട്ടു.
തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചാല്‍ സാധ്യത നോക്കി കൂട്ട പലായനം ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ ഇന്ത്യയിലുണ്ട്. ഫലം പുറത്തുവന്നാല്‍ അധികാരം അന്വേഷിച്ചു നിറം മാറുന്നവരും കുറവല്ല. ബി.ജെ.പിയിലുള്ള 60 ശതമാനത്തോളം സാമാജികര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അധികാര മധു തേടി കാലുമാറി വന്നവരാണ്. മധ്യപ്രദേശിലെ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര കാബിനറ്റ് കസേര ലക്ഷ്യംവെച്ചാണ് മൂവര്‍ണ്ണക്കൊടി താഴെവച്ച് കാവിക്കൊടി പിടിച്ചു ഡല്‍ഹിയിലെത്തി ബി.ജെ.പി ടിക്കറ്റ് മേടിച്ചത്. ഒരു പാര്‍ട്ടിയുടെ ടിക്കറ്റ് കിട്ടാന്‍ കാലു മാറുക എന്ന ഏക കടമ്പ മാത്രമാണ് ഇന്ത്യയില്‍ കടക്കാനുള്ളത്. തനിക്ക് കോണ്‍ഗ്രസ് അമ്മയെ പോലെയാണെന്ന് പ്രസ്താവന ഇറക്കിയ മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ പിറ്റേ ദിവസം അമ്മയെ മാനഭംഗപ്പെടുത്തി ബി.ജെ.പിയില്‍ എത്തിയ വാര്‍ത്ത ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം ഇന്ത്യന്‍ രാഷ്ട്രീയത്തിന് അവശേഷിക്കുന്ന ധാര്‍മിക മുഖവും നഷ്ടപ്പെടുത്തിയിരിക്കുന്നു. 30 കോടി മുതല്‍ 100 കോടി വരെ വിലയ്‌ക്കെടുക്കുന്ന സ്ഥാനമാണ് സാമാജികത്വം. ഫാസിസ്റ്റുകള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളുണ്ട്. അവര്‍ നടന്നു നീങ്ങുന്നത് ഭീകര ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് തന്നെയാണ്.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ നാണംകെട്ടിരിക്കുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ഉടമ്പടികളും വെല്ലുവിളിച്ചുകൊണ്ടാണ് മോദി - അമിത് ഷാ കൂട്ടുകെട്ട് നീങ്ങുന്നത്. അതിന് അവരെ പ്രാപ്തമാക്കിയ പ്രധാന ഘടകം നമ്മുടെ രാഷ്ട്രീയത്തിന്റെ അസ്ഥിരത തന്നെ. മധ്യപ്രദേശിനു ശേഷം രാജസ്ഥാനും പിന്നീട് മഹാരാഷ്ട്രയിലും ചാക്കു രാഷ്ട്രീയം അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് നേതാക്കള്‍ എന്ന ബോധ്യം അരാഷ്ട്രീയ പരിസരം നിര്‍മിക്കും. ജനാധിപത്യം ദുര്‍ബലമായ സാഹചര്യം സംജാതമായാല്‍ ഇന്ത്യ ദുര്‍ബലമാകും. ഭാരതത്തിന്റെ അതിജീവന വഴി ജനാധിപത്യം മാത്രമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അധാര്‍മിക ചലനങ്ങള്‍ ദേശവിരുദ്ധവും രാജ്യ സുരക്ഷാ വിരുദ്ധവുമാണെന്ന് തറപ്പിച്ച് പറയേണ്ടിവരും.
ഇന്ത്യയുടെ പ്രധാന വെല്ലുവിളി പ്രത്യയശാസ്ത്ര പ്രതിബദ്ധതയും സ്ഥിരതയുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ്. ഭരണ വര്‍ഗ്ഗത്തില്‍ തുടരുന്ന സുഖസൗകര്യങ്ങളും വാരിക്കോരി നല്‍കുന്ന ആനുകൂല്യങ്ങളും അധികാരങ്ങളും രാഷ്ട്രീയ വിദ്യാര്‍ഥികളെ പോലും പ്രലോഭിപ്പിക്കുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നാം കാണുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ കാരണം അധികാരക്കസേരയില്‍ എത്താനുള്ള മത്സരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നതിനുള്ള പ്രൈമറി പരിശീലന ഭാഗമാണ്. നാട്ടുരാജാക്കന്മാരുടെ പത്രാസും പദവിയും മുഖസ്തുതികളും ജനാധിപത്യ ഭരണാധികാരികള്‍ക്കും ലഭിക്കുന്നു.നമ്മുടെ നിയമ നിര്‍മാണ സഭകള്‍ ഏകകണ്ഠമായി പാസാക്കുന്ന നിയമങ്ങള്‍ പരിശോധിച്ചുനോക്കുക. സാമാജികരുടെ ആനുകൂല്യങ്ങളും അധികാരങ്ങളും വര്‍ധിപ്പിക്കുന്ന ബില്ലുകള്‍ ഭിന്നാഭിപ്രായം ഇല്ലാതെ നിമിഷ നേരം കൊണ്ട് പാസാക്കിയെടുക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഭരണഘടനകളുണ്ട്. ഒരിക്കല്‍പോലും അതിന്റെ വരുതിയില്‍ ഒരു പാര്‍ട്ടിയും പ്രവര്‍ത്തിച്ചു കാണുന്നില്ല. അവിശുദ്ധ ബന്ധങ്ങളും ഏച്ചു കൂട്ടലുകളും നടത്തി കൊട്ടാര സുഖം കൊള്ളാന്‍ എല്ലാ പാര്‍ട്ടികളും അവസരം കാത്തു കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."