അനധികൃത തട്ടുകടകള്‍ക്കെതിരേ നടപടി സ്വീകരിക്കണം: ജില്ലാ വികസന സമിതി
കാസര്‍കോട്: വര്‍ധിച്ചുവരുന്ന അനധികൃത തട്ടുകടകള്‍ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. തട്ടുകട സംബന്ധിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടന നല്‍കിയ പരാതി സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കാഞ്ഞങ്ങാട്, കാസര്‍കോട് , നീലേശ്വരം നഗരസഭ സെക്രട്ടറിമാരും പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഒഴിപ്പിക്കാന്‍ അവശേഷിക്കുന്ന അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചത്.
ജില്ലയിലെ ദേശീയപാത പൊതുമരാമത്ത്, ജില്ലാ പഞ്ചായത്ത് റോഡുകള്‍ എന്നിവയുടെ വശങ്ങളില്‍ വിവിധ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോള്‍ റോഡ് തകരുന്നതായി യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പുതുതായി റോഡുകള്‍ നിര്‍മിക്കുമ്പോള്‍ യൂട്ടിലിറ്റി സര്‍വിസുകള്‍ക്കായി പ്രത്യേകം ഡക്റ്റുകള്‍ രൂപകല്‍പന ചെയ്തിട്ടാണ് നിലവില്‍ എസ്റ്റിമേറ്റുകള്‍ തയാറാക്കി സമര്‍പ്പിക്കുന്നത്. കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൊതുമരാമത്ത് റോഡിന്റെ ഇരുവശത്ത് ഭൂമി കൈയേറുന്നത് തടയാന്‍ നടപടി സ്വീകരിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പയസ്വിനി പുഴയില്‍ പള്ളംകോട് ചെക്ക് ഡാം, എരഞ്ഞിപ്പുഴ ചെക്ക്ഡാം പ്രവര്‍ത്തികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. പുളിക്കാല്‍ പാലത്തിന്റെ നിര്‍മാണം ചര്‍ച്ചചെയ്യുന്നതിന് 13 ന് യോഗം ചേരും. ജില്ലയിലെ തൂക്കുപാലങ്ങളുടെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നതിന് കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്നും യോഗത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ വൈദ്യുതീകരണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കാത്തത് പദ്ധതികളുടെ പുരോഗതിക്ക് തടസം ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും വൈദ്യുതീകരണം പൂര്‍ത്തിയാകാത്ത പത്തോളം പദ്ധതികളുണ്ട്. വൈദ്യുതീകരണത്തിന് കാലതാമസം ഉണ്ടാകുമ്പോള്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകാത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എരിഞ്ഞിക്കീല്‍ കിഴക്കേമുറി, എന്‍.എച്ച് ഓര്‍ച്ച എന്നീ പുഴയോര റോഡുകള്‍ തകര്‍ന്നുപോകുന്നതിനാല്‍ റോഡുകളുടെ പാര്‍ശ്വഭിത്തി കെട്ടി റോഡ് സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ചെറുവത്തൂര്‍ മടക്കര കൃത്രിമ ദ്വീപ് പരിസരത്ത് അനധികൃതമായി മണല്‍ വാരുന്നത് തടയണമെന്ന് യോഗം നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷനായി. എം. എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എസ്. സത്യപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."