കാസര്‍കോട്ട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി
കാസര്‍കോട്: കാസര്‍കോട്ട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. ദുബൈയില്‍നിന്ന് എയര്‍ഇന്ത്യയുടെ ഐ.എക്‌സ് 814 എക്‌സ്പ്രസ് വിമാനത്തില്‍ 13ന് രാത്രി പുറപ്പെട്ട് 14ന് രാവിലെ മംഗളൂരുവില്‍ എത്തിയ കാസര്‍കോട് സ്വദേശിക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് പനി ഉണ്ടായിരുന്നതിനാല്‍ നേരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോവുകയും രക്തപരിശോധന നടത്തുകയും ചെയ്തു. അവിടെനിന്ന് കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍നിന്ന് ചായ കുടിച്ചതിന് ശേഷമാണ് ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. അവിടെനിന്ന് സ്രവം പരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇയാള്‍ക്കൊപ്പം ഒരു ബന്ധുവും ദുബൈയില്‍നിന്ന് ഒപ്പമുണ്ടായിരുന്നതായി ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും ഇവരെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ രണ്ടുപേരെയും സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിരുന്ന പിതാവിനെയും നിരീക്ഷണത്തിലാക്കിയതായും കലക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയും ഒപ്പമുണ്ടായിരുന്ന ബന്ധുവും വിമാനത്തില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു. ഇവര്‍ക്ക് മുന്നില്‍ രണ്ട് നിരകളിലെ സീറ്റുകളിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വിമാനത്തില്‍ കര്‍ണാടക സ്വദേശികളും ഉണ്ടാകും എന്നതിനാല്‍ കര്‍ണാട ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരകീരിച്ചയാളും കൂടെയുണ്ടായിരുന്ന ബന്ധുവും മാസ്‌ക് ധരിച്ചിരുന്നതിനാലും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തതിനാലും ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."