കൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി സര്‍ക്കാര്‍ ഇടപെടണം: താലൂക്ക് വികസന സമിതി
ഇരിട്ടി: ഒരു വര്‍ഷമായി മുടങ്ങിയ കൂട്ടപുഴ പാലം നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന പാലമെന്ന പരിഗണന പോലും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല.
പേരാവൂര്‍ മണ്ഡലത്തിലെ മാത്രം വിഷയമായി പ്രശ്‌നം ചുരുക്കപ്പെടുകയാണ്. ജില്ലയിലെ എല്ലാ എം.എല്‍.എമാരും മന്ത്രിമാരും പ്രശ്‌നം ഗൗരവമായി കാണണമെന്നും കോണ്‍ഗ്രസ് അംഗം പടിയൂര്‍ ദാമോദരന്‍ പറഞ്ഞു.
പാലം വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടാകണമെന്നും താലൂക്ക് വികസന സമിതിയുടെ ശക്തമായ ആവശ്യമായി പ്രശ്‌നം സര്‍ക്കാറിന്റെ പരിഗണനയില്‍ എത്തിക്കണമെന്നും ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി അശോകനും മറ്റ് അംഗങ്ങളും ആവശ്യപ്പെട്ടു. നഗരത്തില്‍ നടത്തേണ്ട നിര്‍മ്മാണ പ്രവ്യത്തിയെപ്പറ്റി വ്യക്തമായ രൂപരേഖപോലും ഉണ്ടാക്കാന്‍ കെ.എസ്.ടി.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിം മുണ്ടേരിയും, പായം ബാബുരാജും ആരോപിച്ചു.
കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ഒരിടപെടലും നടക്കില്ലെന്നും തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ പറഞ്ഞു. നഗരത്തിലെ ടാറിങ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഓവുചാലുകളുടെ നിര്‍മാണടക്കം സമയബന്ധിതമായി തീര്‍ക്കുമെന്നും കെ.എസ്.ടി.പി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.വി സതീശന്‍ പറഞ്ഞു. നഗരത്തില്‍ എത്രത്തോളം കൈയേറ്റം നടന്നിടുണ്ടെന്നകാര്യത്തില്‍ റവന്യു വകുപ്പിന് വ്യക്തമായ ധാരണയുണ്ട്. റോഡ് വികസനത്തിനായി കൈയേറിയ സ്ഥലം കെ.എസ്.ടി.പിക്ക് ആവശ്യമില്ലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും ഉണ്ടാകില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു.
ആറളം ഫാമില്‍ ജനവാസ മേഖലയില്‍ അവശേഷിക്കുന്ന കാട്ടാനകളെ നാളെ വനത്തിലേക്ക് തുരത്തുമെന്ന് വനം വകുപ്പ് ഡപ്യുട്ടി റെയിഞ്ചര്‍ ജയേഷ് ജോസഫ് പറഞ്ഞു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന അധ്യക്ഷനായി. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പ്, തോമസ് വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പില്‍, സെലിന്‍ മാണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."