മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്; വയോധികന് ഫാമിലി പെന്‍ഷന്‍ നിഷേധിച്ചത് പുനഃപരിശോധിക്കണം
കൊല്ലം: ഭാര്യയും മകനും മകന്റെ ഭാര്യയും പേരകുട്ടിയും ഉള്‍പ്പെടെ എട്ട് ബന്ധുക്കള്‍ വാഹനാപകടത്തില്‍ നഷ്ടപ്പെട്ട വയോധികന് ഫാമിലി പെന്‍ഷന്‍ നിഷേധിച്ച സര്‍ക്കാര്‍ നടപടി മൂന്നു മാസത്തിനകം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്ന വയോധികന്റെ ആവശ്യം മാനുഷികമായി പരിഗണിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര ഇടിവ ശശിവിലാസത്തില്‍ പി. കൊച്ചുനാരായണപിള്ള (73) നല്‍കിയ പരാതിയിലാണ് ഉത്തരവ്. അദ്ദേഹത്തിന്റെ ഭാര്യയും മകനും കുടുംബവും ഉള്‍പ്പെടെ എട്ടുപേരാണ് 2012 ഡിസംബര്‍ 28 ന് നിലമേലില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചത്.
തനിക്ക് 16 ലക്ഷം രൂപ ലഭിച്ചെന്നും അതിനാല്‍ ഫാമിലി പെന്‍ഷന്‍ നല്‍കാനാവില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്താണ് പരാതിക്കാരന്‍ കമ്മിഷനില്‍ പരാതി നല്‍കിയത്. കമ്മിഷന്‍ ധനസെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 16 ലക്ഷം രൂപ പരാതിക്കാരന് ലഭിച്ചിട്ടുണ്ടെന്നും ഇത് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പോലും 96,000 രൂപ വാര്‍ഷിക വരുമാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 16 ലക്ഷത്തിന് 96,000 രൂപ വാര്‍ഷികവരുമാനം ലഭിക്കുമെന്ന കണക്ക് സത്യവിരുദ്ധമാണെന്ന് പരാതിക്കാരന്‍ വാദിച്ചു.
ഇന്‍ഷൂറന്‍സ് ഇനത്തില്‍ ലഭിച്ച 16 ലക്ഷത്തില്‍ മകന്‍ സഹകരണബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷത്തിന്റെയും പരാതിക്കാരന്റെ പേരിലെടുത്ത അഞ്ചുലക്ഷത്തിന്റെയും വായ്പകള്‍ അടച്ചു തീര്‍ത്തതായി മറുപടിയില്‍ പറയുന്നു. മരുമകളുടെ പിതാവ് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കാന്‍ നാല് ലക്ഷം നല്‍കി. ഇതിന്റെയെല്ലാം തെളിവുകളും പരാതിക്കാരന്‍ ഹാജരാക്കി. സര്‍ക്കാര്‍ ഉത്തരവ് 192185 ആര്‍ഡി എന്ന നമ്പരില്‍ 1985 മാര്‍ച്ച് 23 ന് ഇറക്കിയ ഉത്തരവില്‍ ഇന്‍ഷുറന്‍സ് തുക വരുമാനമായി കണക്കാക്കാന്‍ കഴിയില്ലെന്നും പരാതിക്കാരന്‍ വാദിച്ചു.
ഫാമിലി പെന്‍ഷന്‍ നിഷേധിക്കുന്നതിന് മുന്‍പ് ധനവകുപ്പ് പരാതിക്കാരനെ കേട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ 27 ന് കൊട്ടാരക്കര തഹസില്‍ദാര്‍ നല്‍കിയ സര്‍ട്ടിഫിക്കേറ്റില്‍ പരാതിക്കാരന്‍ പൂര്‍ണമായും മകന്റെ ആശ്രിതനാണെന്ന് പറഞ്ഞിട്ടുള്ളതായും കമ്മിഷന്‍ കണ്ടെത്തി. വാര്‍ഷിക വരുമാനം 14,000 രൂപ മാത്രമാണെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്.
ഇന്‍ഷുറന്‍സ് തുക മകന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ പരാതിക്കാരന്‍ വിനിയോഗിച്ചത് ധനവകുപ്പ് കണക്കിലെടുത്തിട്ടില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഭാര്യയും മകനും കുടുംബവും നഷ്ടപ്പെട്ട പരാതിക്കാരന്റെ ദുഃഖസ്മരണകള്‍ നിറഞ്ഞ ജീവിതസായാഹ്നവും കണക്കിലെടുത്തില്ല. മൂന്നു മാസത്തിനകം മുന്‍ തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."