കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്
കോഴിക്കോട്: ജില്ലയില്‍ ബുധാഴ്ചയും വ്യാഴാഴ്ചയുമായി ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം.
ജില്ലയില്‍ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും (കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക്ക് പൊലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, തുടങ്ങിയ വിഭാഗങ്ങള്‍) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് നാലു മണി വരെയെങ്കിലും തണലിലേക്ക് മാറണം. പകല്‍ 11 മുതല്‍ നാല് വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവില്‍ കേരളത്തില്‍ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."