കൊറോണാ കാലത്ത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്നതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണ കാലയളവില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സുപ്രിം കോടതി. കൊറോണ കാലത്ത് നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കുന്നത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാല്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐസിഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
മൂന്ന് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് ലക്ഷത്തോളം കൗമാരപ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്.
ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐസിഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നത്. കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് സുപ്രിം കോടതി ചോദിച്ചു.
കോവിഡ് -19 രോഗ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കഴിഞ്ഞ ദിവസം സുപ്രിം കോടതി അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രശംസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."