കോവിഡ്19; ബഹറൈനില്‍ 430 കോടി ദിനാറിന്റെ സാമ്പത്തിക ആശ്വാസ പാക്കേജ്, വൈദ്യുതി, വെള്ളം ബില്ലുകൾ സൗജന്യമാക്കി
മനാമ: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഭീതിയിലായ പ്രവാസികളുള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ആശ്വാസമായി മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ബഹ്റൈന്‍ സര്‍ക്കാര്‍ സൗജന്യമാക്കി.
കോവിഡ്-19നെ തുടര്‍ന്നുള്ള രാജ്യത്തെ പ്രതിസന്ധി തരണം ചെയ്യാനായി ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ പ്രഖ്യാപിച്ച 430 കോടി ദിനാറിൻ്റെ സാമ്പത്തിക ആശ്വാസ പാക്കേജിലാണ് ഇക്കാര്യമുള്‍പ്പെടുത്തിയിരിക്കുന്നത്.
2020ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കുള്ള വൈദ്യുതി, വെള്ളം ബില്ലുകൾ രാജ്യത്തെ കന്പനികളും വ്യക്തികളും അടക്കേണ്ടതില്ലെന്നും അത് സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് പ്രഖ്യാപനം. ഇതുൾപ്പെടെ രാജ്യ നിവാസികൾക്ക് ഗുണകരമാകുന്ന നിരവധി തീരുമാനങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ മൂന്ന് മാസ കാലയളവിൽ മുനിസിപ്പൽ, ടൂറിസം ഫീസുകൾ ഈടാക്കില്ല. സർക്കാർ ഇൻഡസ്ട്രിയൽ ഭൂമിയുടെ വാടകയും ഒഴിവാക്കും, വ്യക്തികളുടെ വായ്പാ തവണകൾ ആറുമാസത്തേക്ക് നീട്ടിവെക്കാനും അധിക വായ്പ നൽകുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ 370 കോടി ദിനാറിൻെറ പാക്കേജ് നടപ്പാക്കും പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകൾ പുന:ക്രമീകരിക്കുന്നതിനുമായി ലേബർ ഫണ്ട് പദ്ധതികളെ ഉപയോഗപ്പെടുത്തും. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യൺ ദിനാറാക്കുവാനും സാമ്പത്തിക ഉത്തേജക പാക്കേജിൽ പദ്ധതിയുണ്ട്.
അതേ സമയം കോറോണയെ തുടര്‍ന്ന് ആദ്യമരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ബഹ്റൈനില്‍ നില നില്‍ക്കുന്നത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
ഒരേ സമയം 20 ലേറെ പേര്‍ ഒരിടത്തും കൂടിച്ചേരരുത് എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഒരുമാസം വരെ നീളും. ആവശ്യമെങ്കിൽ തുടര്‍ന്നും ഇത് നീട്ടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."