അരുണ്‍ പ്രസാദിന്റെ ഒ.സി.ഡി കവിതയ്ക്ക് ജിസാ ജോസിന്റെ പാരഡി മറുപടി- സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കവിതയും പിന്നെ 'വസ്‌വാസും'
ഫെയ്‌സ്ബുക്കില്‍ രണ്ട് കവിതകളെപ്പറ്റിയുള്ള ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്ന മാനസികാവസ്ഥയുടെ പശ്ചാത്തലത്തില്‍ അരുണ്‍ പ്രസാദ് എഴുതിയ കവിതയ്ക്ക് മറുപടിയെന്നോണം ജിസാ ജോസ് അതേ പാരഡിയില്‍ മറ്റൊരു കവിതയെഴുതി. ഇതോടെ ചര്‍ച്ച കൊടുമ്പിരി കൊണ്ടു.
വിവാഹമോചന ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന ഭാര്യയാണ് രണ്ടു കവിതകളിലെയും ആഖ്യാതാക്കള്‍. ഇവര്‍ ഭര്‍ത്താക്കന്മാരെ സമീപിക്കുന്ന രീതിയെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള ചര്‍ച്ച.
അരുണ്‍ പ്രസാദിന്റെ ഭാര്യയെ 'കുലസ്ത്രീ' ആയാണ് ജിസാ ജോസ് കാണുന്നത്. അതുകൊണ്ട് എതിര്‍ കാവ്യം വരുന്നത് ഫെമിനിസ്റ്റ് ഭാര്യയുടെ ആഖ്യാനത്തിലൂടെയും. എന്നാല്‍ ഒ.സി.ഡി എന്ന രോഗാവസ്ഥ പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന മറുപടിയുമായി അരുണ്‍ പ്രസാദ് രംഗത്തെത്തി. എന്താണ് ഒ.സി.ഡിയെന്ന് മനസിലാക്കണമെന്നും ഫെമിനിസ്റ്റോ കുലസ്ത്രീയോ എന്നു നോക്കിയിട്ടല്ല രോഗത്തിന്റെ പ്രവര്‍ത്തനമെന്നും അരുണ്‍ പ്രസാദ് മറുപടിയില്‍ പറയുന്നു.
രണ്ടു കവിതകളും ഒ.സി.ഡിയെപ്പറ്റി ഡോ. നൗഫിന്‍ എസ് എഴുതിയ കുറിപ്പും ഇവിടെ വായിക്കാം
അരുണ്‍ പ്രസാദിന്‍റെ കവിത
OCD
.........
അരുൺ പ്രസാദ്
.................
ഡൈവോഴ്സിനു ശേഷവും
എന്നും ഞാനെന്റെ
പഴയ ഭർത്താവിനെ സന്ദർശിക്കും
അതും പാതിരാത്രി
ഒരു മണിക്ക്
അടുക്കളത്തോട്ടം വഴി
കയറിച്ചെന്ന്
ഒരു കുഞ്ഞു വടി ഉള്ളിൽ കടത്തി
പ്രത്യേക തരത്തിൽ തട്ടിയാൽ
തുറക്കും കൊളുത്തും വാതിലും
അത് ഞങ്ങൾക്ക് മാത്രം അറിയാം
ഞാനില്ലാത്തതുകാരണം
വെള്ളമടിച്ച് കിണ്ടിയായി
ബാൽക്കണിയിൽ വാടിത്തുടങ്ങിയ
ജമന്തിച്ചെടിപ്പോലെ
അങ്ങേർ സോഫായിൽ
ബോധം കെട്ട് കിടപ്പുണ്ടാകും
അതും ടാങ്ക് നിറയ്ക്കുന്ന
മോട്ടോറിനേക്കാൾ കൂർക്കം വലിച്ച്
ചെന്നയുടൻ കപ്പിൽ
വെള്ളമെടുത്ത്
വീടിനുള്ളിലെ
ചെടികളെല്ലാം
നനയ്ക്കും
കാടി വെള്ളം കൊണ്ട് വരുമ്പോൾ
പശുക്കൾ നടത്തുന്ന പരാക്രമം പോലെ
എന്നെക്കണ്ട് ചെടികൾ
കാറ്റിൽ ഇളകിയാടും
പൂവുകൾ പോലെ
അരികുകളുള്ള
ചെടിച്ചട്ടികളും അതിലെ ചെടികളും
ഞാനെന്റെ സ്വന്തം കാശ് കൊടുത്ത്
വാങ്ങിയതാണ്
കരിഞ്ഞു പോകുന്നത്
കാണാൻ നല്ല ദണ്ണമുണ്ട്
പിന്നെ അടിച്ചു വാരും
വാക്വം ക്ലീനറുപയോഗിക്കില്ല
പുല്ലു ചൂലായതിനാൽ
ശബ്ദമുണ്ടാകില്ല
ഒരു തവണയല്ല മൂന്നു തവണ
കാരണം എനിക്ക് ഓസിഡി ആണ്
ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ
ഡോക്ടറുടെ സാക്ഷ്യപത്രമുണ്ട്
ഉറങ്ങാനായി കിടക്കയിൽ കിടന്നിട്ടും
നിലത്ത് പൊടി കിടക്കുന്നുണ്ടാകുമോ
വാതിൽ അടച്ചു കാണില്ലേ
പാത്രങ്ങൾ കഴുകിക്കാണില്ലേ
എന്നൊക്കെ ആലോചിച്ച്
സഹികെട്ടിട്ടാണ്
ഞാനീ വരുന്നത്
മൂന്നു വട്ടം അടിച്ചു വാരിക്കഴിഞ്ഞ്
ഒരു വട്ടം നിലം തുടയ്ക്കും
അങ്ങേരു നൽകിയ ഏറ്റവും നല്ല
രതിമൂർച്ചയേക്കാൾ വലുതാണെനിക്കീ
ശുചീകരണപ്രക്രിയ
നിങ്ങൾക്ക് മനസിലാകില്ല
പിന്നെ ഞാൻ അടുക്കളയിലോട്ട് ഓടും
മൊത്തം വാരിവലിച്ചിട്ടിരിക്കുകയാകും
അലമാരിയിലുള്ള ചെപ്പുകളിൽ
എനിക്ക് ചില ചിട്ടകളുണ്ട്
ആദ്യം ഉപ്പ് പാത്രം
പിന്നെ മല്ലി
പിന്നെ മുളക്
പിന്നെ മഞ്ഞൾ
പിന്നെ ജീരകം
പിന്നെ കടുക്
പിന്നെ മസാല
താഴെ വെളിച്ചെണ്ണക്കുപ്പി
ഉലുവ
സാമ്പാറ്‌പൊടി എന്നിങ്ങനെയാണത്
ഈ ഓർഡർ വിട്ട്
ഒരിഞ്ച് പോലും
നീങ്ങാതെ ചെപ്പുകളെ എന്നും
പുന:ക്രമീകരിക്കും ഞാൻ
അലക്കിനും ഭക്ഷണം വയ്ക്കുന്നതിനും
ഒരുത്തി വന്നു പോകുന്നുണ്ട്
അവളുടെ പണിയാണിതെല്ലാം
അവൾ കഴുകിയ പാത്രങ്ങളെല്ലാം
ഒരിക്കൽ കൂടി കഴുകി വയ്ക്കും
വിം ബാറിനു പകരം ലിക്വിഡ്
ഉപയോഗിക്കണമെന്ന് എത്ര തവണ
പറഞ്ഞു കൊടുക്കണമെന്ന് തോന്നും
ഒരു പേപ്പറിൽ എഴുതി
ഭിത്തിയിലൊട്ടിച്ചു വയ്ക്കും
അവരുടെ അലക്കിന്റെ
ഗുണം കൊണ്ട്
കിടക്കവിരികളുടെയും
കർട്ടനുകളുടേയും
അരികുകളെല്ലാം
മഞ്ഞച്ച് കിടപ്പാണ്
അതൊക്കെ കഴിഞ്ഞ്
ചരിഞ്ഞ പുസ്തകങ്ങൾ
നേരെ വയ്ക്കണം
അതിൽ മടക്കിയ
പേജിനെ നിവർത്തി
ബുക്ക്മാർക്ക് വയ്ക്കണം
അനാവശ്യമായി കത്തുന്ന
ലൈറ്റും ഫാനും ഓഫ് ചെയ്യണം
അങ്ങോർ വലിച്ചെറിഞ്ഞ
ഷൂസ് കൊണ്ട്
റാക്കിൽ വയ്ക്കണം
ഗ്യാസ് അടച്ചോന്ന് രണ്ട് വട്ടം
പരിശോധിക്കണം
തുള്ളിത്തുള്ളി വീഴുന്ന
ടാപ്പ് അടയ്ക്കണം
ബാത്ത് റൂമിലെ
താഴെയിരിക്കുന്ന മഗുകൾ
ബക്കറ്റിൽ കൊളുത്തിയിടണം
അങ്ങനെയെല്ലാമെല്ലാം കഴിഞ്ഞ്
അങ്ങേരുടെ തലയ്ക്കൽ
തലയണ വച്ചും പുതപ്പിച്ചും കഴിഞ്ഞ്
ഒരു മൂന്നുമൂന്നരയ്ക്ക്
ഞാൻ തിരികെപോകും
മുറിയിൽ പോയി
സമാധാനമായിട്ട്
കണ്ണുകളടയ്ക്കും
പിറ്റേന്ന്
അയാളെഴുന്നേൽക്കും
വീട് വീണ്ടും വാരി വലിച്ചിടും
അഴുക്ക് നിറയ്ക്കും
അടുക്കളയുടെ വാതിൽ
ചാരിയിടും
ഉറക്കം നടിച്ച് കിടക്കും
അവൾ വരുവാൻ കാതോർക്കും!!
ജിസാ ജോസിന്‍റെ മറുപടി കവിത
പഴയ ഭാര്യ.
ഡൈവോഴ്സിനു ശേഷവും
ചിലപ്പോഴൊക്കെ
ഞാനെന്റെ
പഴയ ഭർത്താവിന്റെ വീട്ടിൽ ചെല്ലും.
എന്റേം വീടായിരുന്നല്ലോ.
കുറെ കാശ്
ഞാനും മുടക്കിയിട്ടുണ്ട്.
അങ്ങേര്
പൈസയില്ലാതെ
നട്ട പ്രാന്തെടുത്ത്
എന്റെ അച്ഛനെ സ്മരിച്ചു തുടങ്ങുമ്പോൾ
കിട്ടിയ വണ്ടിക്ക്
നാട്ടിലേക്കോടിയിട്ടുണ്ട്.
അടക്ക വിറ്റതോ
അപ്രത്തു നിന്നു കടം
വാങ്ങിച്ചതോ
അമ്മേടെ മാല പണയം
വെച്ചതോ എങ്ങനാന്നറിയില്ല,
അച്ഛൻ തന്ന കാശത്രയും
ഞാനങ്ങേരുടെ
അണ്ണാക്കിലോട്ടു തള്ളിയിട്ടുണ്ട്.
മേലത്തെ നില
വാർക്കുമ്പഴ്
എന്റെ സ്വർണ്ണം മുഴുവനും
കോൺക്രീറ്റുകൂട്ടിലിളക്കിച്ചേർത്തു
അങ്ങേര്.
എന്റെയാ ഇളക്കത്താലി,
(അതു കെട്ടുമ്പോൾ എന്നെ
കാണാൻ ഭയങ്കര ചന്തമാണെന്നു
പറഞ്ഞ ഒരുത്തനുണ്ടായിരുന്നു.
നാട്ടില്
അവനെയെങ്ങാനും
കെട്ടിയാൽ മതിയായിരുന്നു)
കടകവള ,നാഗപടത്താലി
ഒന്നും പറയണ്ട.
എന്നിട്ടെന്താ
ഒരു ദിവസം പെട്ടീമെടുത്ത്
ഞാനവിടുന്നിറങ്ങി
പ്പോകേണ്ടി വന്നില്ലേ.
അടക്ക വിറ്റ കാശിനും
ഇളക്കത്താലിക്കുമൊന്നും
രേഖകളില്ലത്രേ.
വീട് അങ്ങേരെടുത്തു.
കോടതിയത്
അങ്ങേർക്കു കൊടുത്തു.
പോട്ടെ.
എന്നാലും ഞാനിടയ്ക്കങ്ങു കേറിച്ചെല്ലും.
തലേം പൊക്കിപ്പിടിച്ച്
നെഞ്ചിത്തിരി വിരിച്ച്
ഒരു കൂസലുമില്ലാതെ.
നട്ടപ്പാതിരയ്ക്കല്ല.
അങ്ങനെ ചെല്ലാൻ
ഞാനെന്താ കള്ളിയോ?
നല്ല തെളിഞ്ഞ പട്ടാപ്പകല് ,
ഇളം വെയിലത്ത്.
ഞാൻ നടക്കാൻ പോയിട്ട്
തിരിച്ചുവരികയായിരിക്കും
വിയർത്ത മുഖമിങ്ങനെ
തുടുത്തു ചുവന്നിരിക്കും.
മൂക്കിനു താഴെ,
ചുവന്ന ചുണ്ടിനു മേലെ
ഒരൊറ്റത്തുള്ളി വിയർപ്പു മുത്ത്.
അങ്ങേര് അന്നേരമെണീറ്റ്
തല പൊങ്ങാതെ
കോലായിലിരുപ്പാണ്.
ഇന്നലെ അടിച്ചത്
ഏതു ലോക്കൽ ബ്രാൻഡോ എന്തോ!
ഞാൻ കസേര വലിച്ചിട്ടിരിക്കും.
അങ്ങേര് കൊതിപിടിച്ച്
എന്നെത്തന്നെ നോക്കും.
"കുറച്ചു വെള്ളം."
ഞാൻ പത്രമെടുത്ത്
നെഞ്ചും മുഖവും
വീശിത്തണുപ്പിച്ചു
കൊണ്ടുത്തരവിടും.
അങ്ങേര്
ഒന്നമ്പരന്നിട്ട്
വേഗം പോയി വെള്ളം കൊണ്ടുവരും.
ഞാനതു കുടിക്കാനൊന്നും
പോകുന്നില്ല ,
ഉളുമ്പു നാറ്റമുള്ള
ആ വൃത്തികെട്ട ഗ്ലാസിലെ
വെള്ളം എന്റെ പട്ടി പോലും
കുടിക്കുകയുമില്ല.
വാതിലിലൂടെ
അകത്തേക്കു നോക്കിയാൽ
എല്ലാം
വാരിവലിച്ചിട്ടിരിക്കുന്നതു കാണാം.
എനിക്കു സന്തോഷം കൊണ്ട്
ഇരിക്കപ്പൊറുതിയില്ലാതാവും.
ചായ കുടിക്കാതെ
പത്രം വായിക്കാതെ
കുളിക്കാതെ,
ആ പഴയ വൃത്തിക്കാരനിങ്ങനെ
എന്റെ മുന്നിൽ നിൽക്കുന്നു.
ഗ്ലാസ് ടീപ്പോയിൽ വെച്ച്
ഞാൻ പത്രമെടുത്ത്
വിസ്തരിച്ചൊന്നു വായിക്കും.
ഇനിയതു വാങ്ങിക്കാൻ
കാശു കളയണ്ടല്ലോ.
വിയർപ്പാറിയാൽ
ക്ഷീണം മാറിയാൽ
ഞാനെണീറ്റ് ഗ്ലാസിലെ വെള്ളം
ചെടിച്ചട്ടിയിലെ
വാടിയ റോസിനൊഴിക്കും.
വല്ലപ്പോഴും ചെടിയൊക്കെ
നനക്കണമെന്ന്
അന്തം വിട്ടു നിക്കുന്ന
അങ്ങേരോടു പറഞ്ഞിട്ട്
ഗേറ്റും മലർക്കെ ത്തുറന്നിട്ട്
ഞാനങ്ങു പോകും
വേണേലാത്തടിയൻ
വന്നടച്ചേച്ചു പോട്ടെ.
എന്താണ് ഒ.സി.ഡി- ഡോ. നൗഫിന്‍ എസ് വിശദീകരിക്കുന്നു
രാവിലെ ഫേസ്ബുക് തുറന്നപ്പോൾ കാണുന്നത് OCD യെ കുറിച്ചുള്ള ഒരു കവിതയും അതിനെ ചുറ്റി പറ്റിയുള്ള ചില പോസ്റ്റുകളും ആണ്. കവിതയിൽ കടന്ന് കൂടിയ sexism ആണ് എല്ലാത്തിന്റെയും വിഷയം. ഈ പോസ്റ്റ് അതിനെ കുറിച്ചല്ല, നമ്മുടെയൊക്കെ നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽ സ്ഥിരം കടന്ന് വരാറുള്ള എന്നാൽ ഭൂരിഭാഗം പേരും അബദ്ധധാരണകൾ വെച്ച് പുലർത്തുന്ന OCD എന്ന മാനസികരോഗത്തെ കുറിച്ചാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ obsessive compulsive disorder ന്റെ പ്രധാന ഘടകങ്ങൾ ഒബ്സെഷനുകളും കംപൽഷനുകളുമാണ്. ഒബ്സെഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തുടർച്ചയായും അനിയന്ത്രിതമായും ഒരു വ്യക്തിയുടെ മനസ്സിലേക്ക് അതിക്രമിച്ചു കടന്ന് വരുന്ന (ആഗ്രഹത്തിന് വിപരീതമായി) അനാവശ്യമായ ചിന്തകളും ചിത്രങ്ങളും പ്രേരണകളും ആണ് (repetitive, uncontrollable, unwanted intrusive thoughts, images and urges). ഇവ അമിതമായ ഉൽക്കണ്ഠക്ക് (anxiety) കാരണമാകുന്നതിനാൽ തന്നെ അനുഭവിക്കുന്ന വ്യക്തി ഇവയെ ഏത് വിധേനയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഒബ്സെഷനുകളെ ഒഴിവാക്കാൻ വേണ്ടി ആവർത്തിച്ചു ചെയ്യേണ്ടി വരുന്ന മാനസികമോ ശാരീരികമോ ആയ പ്രവർത്തികളെയാണ് (repetitive behaviours or mental acts) കംപൽഷൻ എന്ന് പറയുന്നത്.
ഇത് പോലുള്ള സംശയങ്ങളും അവ ദുരീകരിക്കാനുള്ള പ്രവർത്തികളും മനുഷ്യരിൽ സർവ്വസാധാരണമായി കണ്ട് വരുന്നു. ഉദാഹരണത്തിന് വീട് പൂട്ടിയിറങ്ങുന്ന ഒരു വ്യക്തി അക്കാര്യം ഒന്ന് കൂടി ഉറപ്പാക്കാൻ വേണ്ടി ഒന്നോ രണ്ടോ തവണ തിരിച്ചു വന്ന് പരിശോധിക്കുന്നത് അസ്വാഭാവികതയായി ആരും കണക്കാക്കാറില്ല. അത് കൊണ്ട് തന്നെ OCD എന്ന രോഗനിർണ്ണയം സാധ്യമാകണമെങ്കിൽ ചില നിബന്ധനകൾ കൂടിയുണ്ട്.
അതിലൊന്ന് ഇത്തരം പ്രവർത്തികൾ (compulsions) സാമാന്യയുക്തിക്ക് നിരക്കാത്ത വിധം അത്യധികമാവുകയും (excessive) ചിലപ്പോൾ മനസ്സിലേക്ക് കടന്ന് വരുന്ന സംശയങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാവുകയും (irrational or unrelated to the feared consequences) ചെയ്യുമ്പോഴാണ്. ഓരോ തവണയും വീട് വിട്ടിറങ്ങുമ്പോൾ കൃത്യം 30 തവണ വാതിൽ പൂട്ടിയോ എന്ന് ചെക്ക് ചെയ്യേണ്ടി വരുക, അങ്ങനെ ചെയ്തു കഴിഞ്ഞ് ഓഫീസിലെത്തി ജോലികളിൽ വ്യാപൃതനായ ശേഷവും അതേ സംശയം ഉടലെടുക്കുക, വീണ്ടും വാഹനമെടുത്ത് തിരിച്ചു വീട്ടിലെത്തി ഒന്ന് കൂടി ഉറപ്പ് വരുത്തുന്നത് വരെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ഉദാഹരണം.
രോഗനിർണ്ണയം നടത്താനുള്ള മറ്റൊരു നിബന്ധന ദൈനംദിന ജീവിതത്തെ താളം തെറ്റിക്കുന്ന തരത്തിൽ ഇത്തരം പ്രവർത്തികൾ അധികമാവുകയും പലപ്പോഴും ദിവസവും ഒരു മണിക്കൂറിലധികം അവക്ക് വേണ്ടി ചിലവഴിക്കേണ്ടി വരികയും വേണം എന്നതാണ്. ഭൂരിഭാഗം രോഗികൾക്കും തന്റെ പ്രവർത്തികൾ സാമാന്യയുക്തിക്ക് നിരക്കാത്തതാണ് എന്ന പൂർണ്ണബോധ്യം ഉണ്ടാവുമെങ്കിലും അനിയന്ത്രിതമായ ചിന്തകളും അവ കാരണം ഉണ്ടാകുന്ന ഉൽക്കണ്ഠയും ഒഴിവാക്കാൻ മറ്റ് മാർഗ്ഗങ്ങളില്ല എന്ന് സ്വയം
മനസ്സിലാക്കുന്നതിനാൽ സ്വന്തം ആഗ്രഹത്തിന് വിപരീതമായി അതേ പ്രവർത്തികൾ തുടർന്നും ചെയ്യേണ്ടി വരുന്നു എന്നതാണ് വസ്തുത. ഇങ്ങനെ compulsions തുടർച്ചയായി ചെയ്യുന്നത് obsessive ചിന്തകൾ ഉണ്ടാകുന്ന frequency യും രോഗത്തിന്റെ തീവ്രതയും വർധിപ്പിക്കുന്നു. ചുരുക്കം ചില രോഗികളിൽ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ തന്റെ പ്രവർത്തികൾ യുക്തിരഹിതം ആണെന്ന ബോധം ക്രമേണ നഷ്ടമാവുകയും ചിന്തകൾ delusions ആയി മാറുകയും രോഗി അവയിൽ ഉറച്ചു വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു (OCD with poor insight)
Obsessions ഏത് വിഷയവുമായി ബന്ധപ്പെട്ടും ഉണ്ടാകാം എന്നത് കൊണ്ട് തന്നെ ഓരോ രോഗികളിലും വ്യത്യസ്ത തരത്തിലുള്ള ചിന്തകളും പ്രവർത്തികളും ഈ രോഗത്തിന്റെ ഭാഗമായി കണ്ട് വരുന്നു (infinite number of subtypes ഉണ്ടെന്ന് വേണമെങ്കിൽ പറയാം). എങ്കിലും 4 പ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ OCD രോഗികളിൽ കൂടുതലായി കണ്ട് വരുന്നു. Obsession of contamination (വൃത്തി), symmetry (ക്രമം), forbidden thoughts (മതപരമോ സാമൂഹികമായോ വിലക്കപ്പെട്ട ചിന്തകൾ, വികലമായ ലൈംഗിക ചിന്തകൾ) & hoarding (അനാവശ്യവസ്തുക്കൾ കൂട്ടിവെക്കൽ) എന്നിവയാണവ. മതപരമായ OCD അഥവാ scrupulosity 'വസ്‌വാസ് ' എന്ന അറബി നാമത്തിലാണ് മലബാർ മേഖലയിൽ അറിയപ്പെടുന്നത്.
ഏകദേശം 2-3% വരെ ആളുകളിൽ ഈ രോഗം കണ്ട് വരുന്നു, ലോകത്ത് എല്ലായിടത്തും ഒരേ നിരക്കിൽ തന്നെ കാണപ്പെടുകയും ചെയ്യുന്നു. ഏത് പ്രായത്തിൽ വേണമെങ്കിലും ഉണ്ടാകാമെങ്കിലും (3 വയസ്സുള്ള കുട്ടികൾ തൊട്ട് 50 വയസ്സിന് മേൽ പ്രായമുള്ളവരിൽ വരെ ഈ രോഗം ആദ്യമായി കണ്ടെത്തിയിട്ടുണ്ട്) മൂന്നിൽ രണ്ട് രോഗികളിലും 25 വയസ്സിന് മുൻപ് തന്നെ രോഗലക്ഷണങ്ങൾ തുടങ്ങിയിരിക്കും.
ഈ രോഗത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്ക് നയിക്കുന്നു എന്ന് കരുതാവുന്ന ചില ഘടകങ്ങൾ വിവിധ പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനം ജനിതകപരമായ കാരണങ്ങൾ ആണ്. രോഗിയുടെ രക്തബന്ധത്തിൽ പെട്ടവരിൽ രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ അനേകം ഇരട്ടിയാണ്. OCD രോഗികളുടെ തലച്ചോറിലെ cortico-striatal pathway ൽ ചില വ്യത്യാസങ്ങൾ കണ്ടെത്തുകയും ചികിത്സയിലൂടെ അവ കുറച്ചൊക്കെ സാധാരണനിലയിലേക്ക് തിരികെ കൊണ്ട് വരാമെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന ഒരു രാസവസ്തു (neurotransmitter) ആയ സെറട്ടോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനവും അതിനെ നിയന്ത്രിക്കുന്ന ഒരു ജീനിൽ സംഭവിക്കുന്ന മ്യൂട്ടേഷനും OCD രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. OCD ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന മറ്റ് ചില ഘടകങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുള്ള abuse, മാനസികപിരിമുറുക്കം, സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ കാരണമുള്ള അണുബാധ തുടങ്ങിയവയാണ്.
പൂർണ്ണമായ രോഗവിമുക്തി ഇപ്പോഴും കണ്ടെത്തിയിട്ടില്ലെങ്കിലും ഭൂരിഭാഗം രോഗികളിലും രോഗലക്ഷണങ്ങളുടെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് സാധാരണനിലയിലുള്ള ജീവിതം നയിക്കാൻ സാധ്യമാക്കുന്ന ചികിത്സകൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ഇന്ന് നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനം Exposure & response prevention therapy എന്നറിയപ്പെടുന്ന കൗൺസിലിംഗും (CBT) ഔഷധചികിത്സയുമാണ്. വിഷാദരോഗത്തിന് സാധാരണയായി നൽകാറുള്ള SSRI എന്ന വിഭാഗത്തിൽ പെട്ട മരുന്നുകൾ ആണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഈ ചികിത്സകളോട് പ്രതികരിക്കാത്ത അപൂർവ്വം രോഗികളിൽ തലച്ചോറിലെ ശസ്ത്രക്രിയയും പല രാജ്യങ്ങളിലും ചെയ്തു വരുന്നുണ്ട്. OCD യോടൊപ്പം കടുത്ത വിഷാദരോഗം അനുഭവിക്കുന്നവരിൽ ECT (ഷോക്ക്) ചികിത്സയും ഫലപ്രദമാണ്.
രോഗത്തിന്റെ തീവ്രതയും ചികിത്സയുടെ ഫലപ്രാപ്തിയും നിശ്ചയിക്കുന്ന ഒരു ഘടകം OCD യോടൊപ്പം കൂടുതലായി കാണപ്പെടുന്ന മറ്റ് മാനസികരോഗങ്ങൾ (comorbidity) ആണ്. 60-90% വരെ OCD രോഗികളിൽ മറ്റൊരു മാനസികരോഗം കൂടി അതിനോടൊപ്പം കാണപ്പെടുന്നു എന്നാണ് കണക്ക്. അതിൽ ചിലത് ഉൽക്കണ്ഠാ രോഗങ്ങൾ (76%), വിഷാദരോഗം (60-70%), tic disorders (30%), OCPD (20-30%), ബൈപോളാർ രോഗം, ADHD തുടങ്ങിയവയാണ്. American Psychiatric Association നേരത്തേ ഉൽക്കണ്ഠാ രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന OCD യെ DSM-5 പ്രസിദ്ധീകരിച്ചതോടെ Obsessive-compulsive and related disorders എന്ന വിശാലമായ കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ട്. അവയിൽ ഉൾപ്പെടുന്ന മറ്റ് രോഗങ്ങളായ body dysmorphic disorder, excoriation disorder, trichotillomania, hoarding disorder എന്നിവയും OCD യോടൊപ്പം കൂടുതലായി കണ്ട് വരുന്നു. OCD രോഗികളിൽ ആത്മഹത്യാ പ്രവണത മറ്റുള്ളവരെക്കാൾ പത്തിരട്ടിയിലധികം ആണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
വാൽക്കഷ്ണം: നമ്മുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽ OCD യെ നിസ്സാരവൽക്കരിക്കുന്നത് ഈ രോഗത്തെ കുറിച്ചുള്ള stigma വർധിപ്പിക്കുകയും യഥാർത്ഥ രോഗികളെ ചികിത്സ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി OCD UK എന്ന സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മനോഭാവത്തിന് ഒരു കാരണം രോഗലക്ഷണങ്ങളെ ഹാസ്യവൽക്കരിച്ചു അവതരിപ്പിക്കുന്ന സിനിമ പോലെയുള്ള മാധ്യമങ്ങളാണ്. തമാശ ഒഴിവാക്കി രോഗത്തിന്റെ തീവ്രതയെ കൃത്യമായി അവതരിപ്പിച്ച ഒരു ചിത്രമായി എനിക്ക് തോന്നിയത് ഹോളിവുഡ് നിർമ്മാതാവായിരുന്ന Howard Hughes ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള 'The Aviator' ആണ്. തന്റെ രോഗലക്ഷണങ്ങളെ കുറിച്ച് പുറത്തു പറഞ്ഞ മറ്റൊരു പ്രമുഖൻ ഇംഗ്ലിഷ് ഫുട്‍ബോൾ താരമായ ഡേവിഡ് ബെക്കാം ആണ്.
References: Diagnostic and statistical manual of mental disorders 5th edition, Kaplan & Sadock's synopsis of psychiatry 11th edition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."