ഏഴു വയസ്സ് പ്രായമുള്ള ബാലനെ കഴുത്തറുത്ത് കൊന്നു
ജിദ്ദ: ഏഴു വയസ്സ് പ്രായമുള്ള സഊദി ബാലനെ കഴുത്തറുത്തു കൊന്നു. അല്തലാല് ഡിസ്ട്രിക്ടില്‍ പ്രിന്‍സ് സുല്‍ത്താന്‍ റോഡിലെ കോഫി ഷോപ്പിനു മുന്നില്‍ വച്ചാണ് ബാലനെ പ്രതി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിക്കാണ് സംഭവം. അല്‍ഹസയിലെ അല്ശഅ്ബ ഗ്രാമവാസിയായ സകരിയ്യയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മസ്ജിദുന്നബവി സിയാറത്തിന് എത്തിയതായിരുന്നു ബാലന്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിന്റെ ബോര്‍ഡ് അടിച്ചുതകര്‍ത്ത് അതില്‍ നിന്നുള്ള ചില്ല് കഷ്ണം ഉപയോഗിച്ച് മാതാവിന്റെ മുന്നില്‍ വെച്ചാണ് ബാലനെ പ്രതി കഴുത്തറുത്തു കൊലപ്പെടുത്തിയത്. യുവതിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ പൊലിസ് ഉദ്യോഗസ്ഥന് പ്രതിയെ പിടിച്ചുമാറ്റി ബാലനെ രക്ഷിക്കുന്നതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പ്രതിയുടെ ആക്രമണത്തില്‍ പൊലിസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മകനെ കഴുത്തറുത്തു കൊലപ്പെടുത്തുന്നത് കണ്ട് മോഹാലസ്യപ്പെട്ടു വീണ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയും ബാലന്റെ കുടുംബവും തമ്മിലുള്ള ബന്ധം അറിവായിട്ടില്ല. പ്രതി മാനസിക രോഗിയാണെന്നും ബാലന്റെ പിതാവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."