HOME
DETAILS
MAL
കൊവിഡ് ചികിത്സയില്‍ പരീക്ഷണവുമായി എറണാകുളം മെഡിക്കല്‍ കോളജ്
backup
March 18 2020 | 21:03 PM
കൊച്ചി: കൊവിഡ് ചികിത്സയില്‍ പ്രതീക്ഷയ്ക്ക് വകനല്കി എറണാകുളം മെഡിക്കല്‍ കോളജ്. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവീര്‍, ലോപിനാവിര്‍ എന്നീ മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍.
കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ ഐ.സി.യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച രാത്രിയോടെയാണ് മരുന്ന് നല്കിത്തുടങ്ങിയത്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് ഈ മരുന്നുകള്‍ നല്കാന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് മുന്‍കൈയെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്കരിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.
ഇന്ത്യയില്‍ ഇതാദ്യമായാണ് റിട്ടോണാവീര്‍, ലോപിനാവിര്‍ എന്നിവ കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."