തടവറകളുടെ ചങ്ങലകള്‍ തകര്‍ത്ത് കൊവിഡിനെതിരേ തടവുകാരുടെ പോരാട്ടം
മഞ്ചേരി: തടവറയുടെ ചങ്ങലകള്‍ ഭേദിച്ചും മഹാമാരിക്കെതിരേയുള്ള പോരാട്ടങ്ങളില്‍ കണ്ണികളാകുകയാണ് തടവുകാരും. കൊവിഡ് 19 ഭീഷണി ഉയര്‍ത്തുമ്പോള്‍ മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണുകയാണ് സംസ്ഥാനത്തെ ജയിലറകളിലെ തടവുകാര്‍. മാസ്‌കിന് പുറമെ സാനിറ്റൈസര്‍ നിര്‍മാണവും ജയിലുകളില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 10000 ത്തോളം മാസ്‌കുകളാണ് ജയിലുകളില്‍ നിര്‍മിച്ചത്. കൂടുതല്‍ തടവുകാര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ മാസ്‌ക് നിര്‍മാണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഉത്തരമേഖല ഡി.ഐ.ജി അജയ്കുമാര്‍ പറഞ്ഞു. വനിതാ തടവുകാര്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കോട്ടണ്‍ തുണി ഉപയോഗിച്ചാണ് മാസ്‌കുകളുടെ നിര്‍മാണം. ഒരു മീറ്റര്‍ തുണി ഉപയോഗിച്ച് 10 മാസ്‌കുകളാണ് നിര്‍മിക്കുന്നത്. കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലുള്ള മാസ്‌കുകളാണ് ഒരുക്കുന്നത്. ആരോഗ്യ വകുപ്പിന് കൈമാറുന്ന മാസ്‌കുകള്‍ ആദ്യഘട്ടത്തില്‍ ആശുപത്രികള്‍, കോടതികള്‍, ഓഫിസുകള്‍ തുടങ്ങിയ അത്യാവശ്യ കേന്ദ്രങ്ങളിലേക്കാണ് നല്‍കുക. പിന്നീട് ജയില്‍ കൗണ്ടര്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മഞ്ചേരി, പൊന്നാനി, പെരിന്തല്‍മണ്ണ ജയിലുകളില്‍ മാസ്‌ക് നിര്‍മാണത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജയിലുകളില്‍ സാനിറ്റൈസര്‍ നിര്‍മാണവും നടക്കുന്നുണ്ട്. 125 മില്ലി ലിറ്റര്‍ സാനിറ്റൈസറിന് വിപണിയില്‍ 80 രൂപയാണ് വില ഈടാക്കുക. കൂടുതല്‍ തടവുകാരെ സാനിറ്റൈസര്‍ നിര്‍മാണത്തിന് പ്രാപ്തരാക്കാന്‍ ഇന്ന് രാവിലെ 10.30ന് കോഴിക്കോട് ജയിലില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുമെന്ന് നോര്‍ത്ത് സോണ്‍ ഡി.ഐ.ജി എം.കെ വിനോദ് കുമാര്‍ പറഞ്ഞു. ചങ്ങലക്കണ്ണികള്‍ പൊട്ടിച്ച് കൊവിഡിനെതിരേ പ്രതിരോധത്തിന്റെ പോരാട്ടത്തിലാണ് നാടും നഗരവുമെല്ലാം. ഇവര്‍ക്കൊപ്പം ഇരുമ്പഴിക്കുള്ളില്‍ നിന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈതാങ്ങാവാന്‍ തങ്ങള്‍ക്കാകുമെന്ന് തെളിയിക്കുകയാണ് സംസ്ഥാനത്തെ തടവുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."